അജ്ഞാതന്റെ ഭയപ്പെടുത്തലിൽ ശബ്ദംനഷ്ടപ്പെട്ട് യുവതി
കട്ടാങ്ങൽ: അജ്ഞാതന്റെ ഭയപ്പെടുത്തലിൽ നഷ്ടപ്പെട്ട ശബ്ദം വീണ്ടെടുക്കാനാവാതെ യുവതി. ചെത്തുകടവ് രാജീവ്ഗാന്ധി കോളനിയിലെ യുവതിയാണ് രണ്ടുദിവസമായിട്ടും സംസാരിക്കാനാവാതെ പ്രയാസപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി 8.45-നാണ് ശൗചാലയത്തിൽ പൈപ്പ് തുറന്നിട്ട ശബ്ദംകേട്ട് അടയ്‌ക്കാനായി ഇവർ പുറത്തിറങ്ങിയത്. മുറ്റത്തിറങ്ങിയ ഉടനെ വാഴക്കിടയിൽനിന്ന് കറുത്തുപൊക്കമുള്ള ആൾരൂപം യുവതിക്ക് അഭിമുഖമായി നിൽക്കുകയായിരുന്നു. ഇയാൾ മുഖത്ത് മിന്നുന്നതരത്തിലുള്ള വരകളിട്ടിരുന്നു. രൂപംകണ്ടതോടെ ഇവർഭയന്നു വീട്ടിലേക്കോടിക്കയറി. കുറെ സമയത്തേക്ക് ഇവർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് വിവരം അടുത്തുള്ള ബന്ധുവിനെ അറിയിച്ചത്. സംഭവമറിഞ്ഞെത്തിയ ആളുകൾ പരിസരമാകെ തിരഞ്ഞെങ്കിലും ആരെയുംകണ്ടില്ല. പിറ്റേന്ന് രാവിലെയായപ്പോഴേക്കും യുവതിക്ക് ശബ്ദംനഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ആനപ്പാറയിലെ ആശുപത്രിയിൽ ചികിത്സതേടി. രണ്ടുദിവസം കഴിഞ്ഞിട്ടും ശബ്ദം തിരിച്ചുകിട്ടിയില്ലെങ്കിൽ ഇ.എൻ.ടി. സ്‌പെഷ്യലിസ്റ്റിനെ സമീപിക്കാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. മൂന്നുദിവസംമുമ്പാണ് രാജീവ്ഗാന്ധി കോളനി പരിസരത്ത് അജ്ഞാതന്റെ ശല്യം വർധിച്ചത്. വാതിലിൽ മുട്ടിയും പൈപ്പ്തുറന്നിട്ടും വീടിന് കല്ലെറിഞ്ഞും ഒളിച്ചിരുന്നുമാണ് ഇവർ ആളുകളെ ഭയപ്പെടുത്തുന്നത്
Home › News › അജ്ഞാതന്റെ ഭയപ്പെടുത്തലിൽ ശബ്ദംനഷ്ടപ്പെട്ട് യുവതി
