
കോവിഡ് സൃഷ്ടിച്ചത് 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ന്യൂഡൽഹി: കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ, സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് സൃഷ്ടിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. ഉത്‌പാദനത്തിലും തൊഴിൽമേഖലയിലും കോവിഡ് അപ്രതീക്ഷിത പ്രത്യാഘാതമുണ്ടാക്കിയെന്നും ആർ.ബി.ഐ. ഗവർണർ വ്യക്തമാക്കി. ആഗോള മൂല്യശൃംഖലയെ കോവിഡ് ബാധിച്ചുവെന്നും ലോകത്തെ നിലവിലുള്ള സാഹചര്യത്തെ കോവിഡ് തകിടം മറിച്ചെന്നും ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. വീഡിയോ കോൺഫറൻസിങിലൂടെ ഏഴാമത് എസ്ബിഐ ബാങ്കിങ് ആൻഡ് ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സാഹചര്യത്തിൽ നമ്മുടെ സാമ്പത്തിക മേഖല നേരിടുന്നത് ഏറ്റവും വലിയ പരീക്ഷണത്തെയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് ആർബിഐയുടെ മുഖ്യലക്ഷ്യമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിനായി റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ നിരവധി സുപ്രധാന മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഇതിനകംതന്നെ ഈ നയങ്ങൾ ഫലം കണ്ടതായും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചുവരികയാണ്. വിപണിയിലെ മാന്ദ്യം ഒരു പരിധിവരെ പ്രതിരോധിക്കാൻ ഇതിലൂടെ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Home › News › കോവിഡ് സൃഷ്ടിച്ചത് 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
