കോവിഡ്: ചര്‍മ പ്രശ്‌നങ്ങള്‍ അവഗണിക്കരുതെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
അന്തർദേശീയം

കോവിഡ്: ചര്‍മ പ്രശ്‌നങ്ങള്‍ അവഗണിക്കരുതെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

📍 Perinthalmanna, Malappuram9 Dec 2020

കോവിഡ്-19 ബാധിച്ച ചില രോഗികളില്‍ വിട്ടുമാറാത്ത ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് രോഗമുക്തിക്ക് ശേഷവും ദീര്‍ഘകാലം ചിലരില്‍ ചര്‍മത്തിലെ അണുബാധ തുടരുന്നതായി മസാച്ചുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജിയുടെ 29-ാം കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ച ആശങ്ക മസാച്ചുസെറ്റ്‌സ് ആശുപത്രിയിലെ ഗവേഷകര്‍ ഉയര്‍ത്തിയത്. കോവിഡ് അനുബന്ധ ചര്‍മ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ ഗവേഷകര്‍ ഏപ്രിലില്‍ ഒരു രാജ്യാന്തര റജിസ്ട്രിക്ക് തുടക്കം കുറിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ലീഡ് ഓഫ് ഡെര്‍മറ്റോളജിക്കല്‍ സൊസൈറ്റീസിന്റെയും അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയുടെയും സഹകരണത്തോടെയായിരുന്നു ഇത്. കോവിഡ്– 19 അനുബന്ധ ചര്‍മ പ്രശ്‌നങ്ങളുള്ള 1000 രോഗികളുടെ കേസുകള്‍ ഗവേഷക സംഘം റജിസ്ട്രിയിലൂടെ അവലോകനം ചെയ്തു. 39 രാജ്യങ്ങളില്‍ നിന്നുള്ള കോവിഡ് സംശയിക്കപ്പെടുന്ന 224 കേസുകളിലും കോവിഡ് സ്ഥിരീകരിച്ച 90 കേസുകളിലും ചര്‍മ പ്രശ്‌നങ്ങളുടെ ശരാശരി ദൈര്‍ഘ്യം 12 ദിവസമായിരുന്നു. അഞ്ചാംപനിക്ക് സമാനമായ തിണര്‍പ്പും തടിപ്പും ത്വക്കില്‍ ഏഴു മുതല്‍ 28 ദിവസം വരെ ചില കോവിഡ് രോഗികള്‍ക്കുണ്ടായിട്ടുണ്ട്. ചിലരില്‍ കുരുക്കളും ചെതുമ്പലുകളും പോലുള്ള പാപ്പുലോസ്‌കാമസ് ഇറപ്ഷനുകള്‍ ശരാശരി 20 ദിവസം വരെ നീണ്ടു. ഒരു രോഗിയില്‍ ഇത് 70 ദിവസം വരെ നീണ്ടു നിന്നു. ചില രോഗികളില്‍ കാല്‍പാദങ്ങള്‍ തടിക്കുകയും ചുവക്കുകയും ചെയ്തു. കോവിഡ് ടോസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗലക്ഷണം കോവിഡ് സംശയിക്കപ്പെട്ട രോഗികളില്‍ ശരാശരി 15 ദിവസവും സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 10 ദിവസവും കാണപ്പെട്ടു. വിരലുകളിലെ ചര്‍മം ചുവന്ന് തടിക്കുന്ന പെര്‍ണിയോ അഥവാ ചില്‍ബ്ലെയിന്‍സ് എന്ന ലക്ഷണം കുറഞ്ഞത് 60 ദിവസം വരെ ആറ് രോഗികളില്‍ നീണ്ടു നിന്നപ്പോള്‍ രണ്ട് പേരില്‍ അത് 130 ദിവസം വരെ നീണ്ടു. കോവിഡ് 19 ന് ചികിത്സ തേടുന്ന രോഗികളുടെ ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ നിസ്സാരമായി അവഗണിക്കരുതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

HomeNewsകോവിഡ്: ചര്‍മ പ്രശ്‌നങ്ങള്‍ അവഗണിക്കരുതെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്