
സിന്ധു നദീതട നാഗരികതയിലെ ജനങ്ങള്‍ ബീഫും പോർക്കും കഴിച്ചിരുന്നെന്ന് പഠനം
ന്യൂഡൽഹി : സിന്ധു നദീതട സംസ്കാരത്തിലെ ജനങ്ങൾ ഭക്ഷണത്തിൽ വലിയ തോതിൽ മാംസം ഉൾപ്പെടുത്തിയിരുന്നുവെന്ന് പഠനം. പ്രത്യേകിച്ചും കന്നുകാലി മാംസം വലിയ തോതിൽ ഇവർ ഭക്ഷണമാക്കിയിരുന്നെന്നും പഠനം പറയുന്നു. ബുധനാഴ്ച ആർക്കിയോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇന്ത്യൻ എക്സപ്രസ്സാണ്വാർത്ത റിപ്പോർട്ട് ചെയ്തത്. "വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ സിന്ധു നാഗരികതയിൽ നിന്നുള്ള മൺപാത്രങ്ങളിലെ കൊഴുപ്പ് അവശിഷ്ടങ്ങൾ" എന്ന തലക്കെട്ടിലുള്ള പഠനത്തിലാണ് കണ്ടെത്തൽ. കേംബ്രിഡ്ജ് സർവകലാശാലയിലെ പിഎച്ച്ഡി പ്രബന്ധത്തിന്റെ ഭാഗമായി അക്ഷ്യത സൂര്യനാരായണന്റെ നേതൃത്വത്തിലാണ് പഠനം. ആ കാലഘട്ടത്തിലെ ജനങ്ങളുടെ ഭക്ഷണശീലം മനസ്സിലാക്കുക എന്നതാണ് പഠന ലക്ഷ്യം. ഹരിയാണയിലെ ഹാരപ്പൻ പ്രദേശങ്ങളിലെ മൺപാത്രങ്ങളിലെ കൊഴുപ്പവശിഷ്ടങ്ങളിലാണ് പ്രധാനമായും പഠനം നടത്തിയത്. നിലവിലെ ഹരിയാണയിലും ഉത്തർപ്രദേശിലും സിന്ധൂ നദീതട നാഗരികത നിലനിന്നിരുന്നയിടങ്ങളിലെ പുരാതന സെറാമിക് പാത്രങ്ങളിലാണ് പന്നി, കന്നുകാലികൾ, എരുമ, ആട്, തുടങ്ങിയവയുടെ മാംസ, പാൽ ഉത്പന്നങ്ങളുടെ സാന്നിധ്യം ധാരാളമായി കണ്ടെത്തിയത്. ഇന്നത്തെ ഹരിയാണ, ഉത്തർപ്രദേശ് മേഖലകളിൽ നിന്നാണ് പഠനത്തിനുള്ള സാമ്പിളുകൾ ശേഖരിച്ചത്. പൂണെ ഡെക്കാൻ കോളേജിലെ മുൻ വൈസ് ചാൻസലറും പ്രശസ്ത പുരാവസ്തു ഗവേഷകനുമായ പ്രൊഫ. വസന്ത് ഷിൻഡെ, ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പ്രൊഫ. രവീന്ദ്ര എൻ സിംഗ്, മിറിയം ക്യൂബാസ്, ഒലിവർ ഇ. ക്രെയ്ഗ്, കാൾ പി. ഹെറോൺ, ടാംസിൻ സി ഓ കോനെൽ, കേംബ്രിഡ്ജ് സർവകലാശാലയിലെ കാമറൂൺ എ. പെട്രി എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. സിന്ധൂനദീതട സംസ്കാരത്തിലെ ഭക്ഷണ ശീലത്തെക്കുറിച്ച് ഇതിനുമുമ്പ് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം അന്നത്തെ കാർഷിക വിളകൾ കേന്ദ്രീകരിച്ചായിരുന്നുവെന്ന് അക്ഷ്യത പറയുന്നു. എന്നാൽ ഇത് പാത്രങ്ങളിലെ കൊഴുപ്പിനെ പഠനവിധേയമാക്കിയുള്ളതാണെന്നാണ് ഈ പഠനത്തെ വ്യത്യസ്തമാക്കുന്നത്. ''വളർത്തുമൃഗങ്ങളിൽ പശു,കാള, എരുമ എന്നിവയുടെ അവശിഷ്ടങ്ങളുടെ സാന്നിധ്യമാണ് കൂടുതലായും കണ്ടത്. കണ്ടെത്തിയ അസ്ഥികളിൽ 50% മുതൽ 60% വരെ ഇവയുടേതായിരുന്നു. ആടുകൾ / ചെമ്മരിയാട് എന്നിവയുടെ അവശിഷ്ടം പത്ത് ശതമാനത്തോളം വരും. കന്നുകാലികളുടെ അസ്ഥികളുടെ ഉയർന്ന അനുപാതം സിന്ധു തടത്തിലുടനീളം ബീഫ് ഉപയോഗത്തിനുള്ള സാധ്യത കാണിക്കുന്നു. അതോടൊപ്പം തന്നെ ആട്ടിറച്ചി ഉപയോഗവും, '' പഠനം പറയുന്നു. ഹാരപ്പയിൽ 90% കന്നുകാലികളെയും മൂന്ന് വയസ്സാകുന്നതുവരെ കശാപ്പ് ചെയ്തിരുന്നില്ല. പശു, എരുമ എന്നിവയെ കശാപ്പിനുപയോഗിക്കാതെ പാൽ, അനുബന്ധ ഉത്പന്നങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ആകാള, പോത്ത് എന്നിവയെ നിലമുഴാനും വണ്ടികളുടെ ഓട്ടത്തിനു വേണ്ടിയും ഉപയോഗിച്ചു. വിവിധതരം മാനുകൾ, മുയലുകൾ, പക്ഷികൾ, സമുദ്ര വിഭവങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളും ചെറിയ അനുപാതത്തിൽ കണ്ടെത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന ഭക്ഷണരീതിയാണ് ഇവരുടേതെന്നാണ് ഇത് കാണിക്കുന്നത്. ഇവയെല്ലാം കൂടാതെ പക്ഷികൾ, ഉരഗങ്ങൾ, പുഴമീനുകൾ, വിവിധതരം കക്കയിറച്ചികൾ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
Home › News › സിന്ധു നദീതട നാഗരികതയിലെ ജനങ്ങള്‍ ബീഫും പോർക്കും കഴിച്ചിരുന്നെന്ന് പഠനം
