
ഓൺലൈൻ പണമിടപാടിന് പുതിയ പരിഷ്കാരം, ഇനി ഒടിപി വേണ്ടിവരില്ല
ഡിജിറ്റൽ പണമിടപാടുകള്‍ക്കും മറ്റും ഉപയോക്താക്കളെ തിരിച്ചറിയാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് (ഒടിപി) സംവിധാനത്തിനു വിരാമമിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടെലികോം കമ്പനികളെന്ന് റിപ്പോർട്ട്. പലപ്പോഴും ഒടിപി ലഭിക്കാൻ കാത്തുനില്‍ക്കുന്നത് ചിലരിലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാനാണ് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങി ടെലികോം കമ്പനികള്‍ ശ്രമിക്കുന്നത്. വ്യക്തിയെ തിരിച്ചറിയാന്‍ ഒടിപിക്ക് പകരം മൊബൈല്‍ നമ്പര്‍ മാത്രം മതിയെന്ന രീതിയാക്കാനാണ് ടെലികോം കമ്പനികളുടെ ഉദ്ദേശം. ഇതിനു മറ്റുചില അധിക ഗുണങ്ങളും ഉണ്ട്. ഉദാഹരണത്തിന് സിം മിററിങ് രീതി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് അത്തരം ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കും കടന്നുകയറാനുള്ള ശ്രമം ഇതുവഴി പ്രതിരോധിക്കാൻ സാധിച്ചേക്കും. നിലവില്‍ ഓൺലൈൻ ഇടപാട് നടത്തുമ്പോൾ നാലു മുതല്‍ ആറു വരെ അക്കങ്ങളുള്ള ഒടിപി ഉപയോക്താവിന്റെ ഫോണിലെത്താന്‍ കാത്തുനില്‍ക്കണം. ഈ നമ്പര്‍ നല്‍കിയാല്‍ മാത്രമെ പണമിടപാട് പൂര്‍ത്തിയാക്കാനാകൂ. ചില സന്ദര്‍ഭങ്ങളില്‍ ഒടിപി എത്താന്‍ വൈകിയേക്കാം. അപ്പോള്‍ ഇടപാട് പൂര്‍ത്തിയാക്കാനുള്ള പരമാവധി സമയം കഴിഞ്ഞേക്കാം. ഇതോടെ അടുത്തതായി എന്തു ചെയ്യണമെന്ന ചിന്തയിലേക്ക് ഉപയോക്താവ് പോകും. ചിലപ്പോള്‍ ഇടപാട് ഇടയ്ക്കു വച്ചു നിലയ്ക്കുകയും ചെയ്യാം. ഇങ്ങനെ ഒടിപി വരാന്‍ വൈകുന്നതും വരാതിരിക്കുന്നതുമെല്ലാം എല്ലാ പ്രായത്തിലുള്ള ആള്‍ക്കാരിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനു പകരമായി ഇനി വ്യക്തിക്ക് ഒരു മൊബൈല്‍ ഐഡന്റിറ്റി നല്‍കാന്‍ പോകുകയാണ് ടെലികോം കമ്പനികള്‍. ഇതിലൂടെ സുരക്ഷിതമായ പണമിടപാടും മറ്റും ഒറ്റയടിയ്ക്ക് നടത്താന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്. സർക്കാർ അധികാരികളുടെ അംഗീകാരം ലഭിച്ചാല്‍ ഇത് 2021 ആദ്യത്തിൽ തന്നെ നടപ്പിലാക്കിയേക്കും. നിലവില്‍ ഇതിന്റെ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. റൂട്ട് മൊബൈല്‍ (Route Mobile) പോലെയുള്ള കമ്പനികളായിരിക്കും ടെലികോം കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും മധ്യ ഇടനിലക്കാരായി പ്രവര്‍ത്തിക്കുക. അവാരായിരിക്കും 'മൊബൈല്‍ ഐഡന്റിറ്റി' ക്കായി പ്രവര്‍ത്തിക്കുക. റൂട്ട് മൊബൈല്‍ തങ്ങളുടെ സേവനങ്ങള്‍ ബിസിനസുകാര്‍ക്ക് നേരിട്ടു നല്‍കുകയായിരിക്കും ചെയ്യുക. ഒരു വശത്ത് റൂട്ട് മൊബൈല്‍ വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമം ടെലികോം ഓപ്പറേറ്റര്‍മാരുമൊത്ത് നടത്തും. മറുവശത്ത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് യൂണിഫൈഡ് എപിഐ അഥവാ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും നല്‍കും. ഇതോടെ വിവിധ കമ്പനികള്‍ക്ക് മൊബൈല്‍ ഐഡന്റിറ്റി സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകും. അതു വഴി ഒടിപി ഒഴിവാക്കി ഉപയോക്താവിനെ തിരിച്ചറിയാനാകുമെന്ന് റൂട്ട് മൊബൈലന്റെ മാനേജിങ് ഡയറക്ടര്‍ രാജ്ദീപ്കുമാര്‍ ഗുപ്ത പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങള്‍ തങ്ങളെപ്പോലെയുള്ള ഇടനിലക്കാര്‍ക്ക് പണം നല്‍കും. അത് തങ്ങള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറയുന്നു. എപിഐ ഒരു ഇടനിലക്കാരന്റെ ഭാഗത്താണ് ഉണ്ടാകുക. ഇതുവഴി ഇരുഭാഗത്തുമുള്ള ആപ്ലിക്കേഷനുകള്‍ പരസ്പരം സംവദിക്കും. എന്നാല്‍, ഇതില്‍ നിലവിലുള്ള സുരക്ഷ കുറയുകയുമില്ല. നേരത്തെ രണ്ടു-ഘട്ട സുരക്ഷാ നടപടികളിലൂടെ കടന്നുപോകേണ്ടിയിരുന്നു. ഫോണ്‍ നമ്പര്‍ നല്‍കിയ ശേഷം ഒടിപി വരാന്‍ കാത്തിരിക്കേണ്ടിയിരുന്നു. നിലവിലും അതേ നടപടിക്രമങ്ങള്‍ തന്നെയാണ് ഉണ്ടാകുക. ഫോണ്‍ വെരിഫിക്കേഷന്‍ നടക്കും. എന്നാല്‍ ഒടിപിക്ക് കാത്തു നില്‍ക്കുകയോ അത് എന്റര്‍ ചെയ്യേണ്ടതായോ വരില്ലെന്നു മാത്രം. ഈ പ്രക്രിയയുടെ മറ്റൊരു അധിക ഗുണം സിം മിററിങ് വഴി നടത്തുന്ന തട്ടിപ്പുകളും നടക്കില്ല എന്നതാണ്. വര്‍ധിച്ചുവരുന്ന തട്ടിപ്പുകളിലൊന്നാണിത്. എന്തായാലും, അധികം താമസിയാതെ ഒടിപിയുടെ ആവശ്യമില്ലെന്ന് ഉപയോക്താക്കൾക്ക് മനസ്സിലാകുകയും പുതിയ രീതിയോട് ഒത്തുപോകുകയും ചെയ്യുമെന്നാണ് കരുതുന്നത്. എന്നാല്‍, ചിലപ്പോള്‍ ചില കമ്പനികളെങ്കിലും ഒടിപി സംവിധാനവും നിലനിര്‍ത്തിയേക്കും. കാരണം തങ്ങള്‍ക്ക് അതുമതിയെന്ന് ഉപയോക്താക്കള്‍ നിര്‍ബന്ധം പിടിക്കാനുള്ള സാധ്യതയും മുന്നില്‍ കാണുന്നുണ്ട്.
Home › News › ഓൺലൈൻ പണമിടപാടിന് പുതിയ പരിഷ്കാരം, ഇനി ഒടിപി വേണ്ടിവരില്ല
