ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രമാക്കും; ഉറപ്പ് നല്‍കി ഗതാഗത മന്ത്രി
ദേശീയം

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രമാക്കും; ഉറപ്പ് നല്‍കി ഗതാഗത മന്ത്രി

📍 Alanallur, Palakkad20 Apr 2021

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാജ്യത്ത് നടപ്പാക്കുന്നത്. തദ്ദേശിയമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതികളും ഒരുങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കേന്ദ്രമാക്കി ഉയർത്തുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇതിന്റെ ആദ്യ ചുവടുവയ്പ്പെന്നോണം ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയേൺ ബാറ്ററികൾ അടുത്ത ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ തന്നെ നിർമിച്ച് തുടങ്ങും. ഇത് ഇലക്ട്രിക് വാഹന നിർമാണത്തിന് വലിയ കുതിപ്പേകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിലെ തന്നെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കൾ എല്ലാം ഇന്ത്യയിൽ എത്തുന്നുണ്ട്. ഏറെ വൈകാതെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഹബ്ബായി ഇന്ത്യ മാറുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ, ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയും ഇന്ത്യയിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതും പ്രാവർത്തികമായാൽ പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളെ പൂർണമായും നമ്മുടെ നിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും. വാഹനങ്ങളിൽ ഫ്ളെക്സ്-ഫ്യുവൽ എൻജിൻ സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി സർക്കാർ ചർച്ച നടത്തി വരികയാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളും പെട്രോൾ-ഡീസൽ വാഹനങ്ങളും തമ്മിലായിരിക്കും മത്സരമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആഗോള നിലവാരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളായിരിക്കും ഇന്ത്യയിൽ നിർമിക്കുക. ഇതുവഴി ഇന്ത്യയെ ലോകത്തിലെ മികച്ച വാഹന ഹബ്ബാക്കി മാറ്റാൻ സാധിക്കും. ഇലക്ട്രിക്കിന് പുറമെ, എഥനോൾ, മെഥനോൾ, സി.എൻ.ജി. എന്നിവയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കും. മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനം ഒരുക്കുകയെന്ന ലക്ഷ്യത്തിലാണ് ഇ-മൊബിലിറ്റി എന്ന വികസിപ്പിച്ചിട്ടുള്ളത്. പ്രതിവർഷം എട്ട് ലക്ഷം കോടി രൂപയുടെ അസംസ്കൃത എണ്ണയാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകും. ഇത് കുറയ്ക്കുന്നതിനും കാര്യക്ഷമമായ ബദൽ ഊർജ സ്രോതസ് ഒരുക്കുന്നതിനുമാണ് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

HomeNewsഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രമാക്കും; ഉറപ്പ് നല്‍കി ഗതാഗത മന്ത്രി