ക്രിസ്റ്റ്യന്‍ എറിക്സണ്‍ അപകടനില തരണം ചെയ്തു; ഫിന്‍ലന്‍ഡിനോട് പരാജയമറിഞ്ഞ് ഡെന്‍മാര്‍ക്ക്
അന്തർദേശീയം

ക്രിസ്റ്റ്യന്‍ എറിക്സണ്‍ അപകടനില തരണം ചെയ്തു; ഫിന്‍ലന്‍ഡിനോട് പരാജയമറിഞ്ഞ് ഡെന്‍മാര്‍ക്ക്

📍 Chathamangalam, Kozhikode13 Jun 2021

കോപ്പൻഹേഗൻ: യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഡെൻമാർക്കിനെതിരേ ഫിൻലൻഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫിൻലൻഡ് ഡെൻമാർക്കിനെ മറികടന്നത്. മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് മത്സരം റദ്ദാക്കിയതായി അറിയിപ്പ് വന്നെങ്കിലും ഇരു ടീമിലെയും താരങ്ങളുടെ അഭ്യർഥനയെ തുടർന്ന് മത്സരം പുനരാരംഭിക്കുകയായിരുന്നു. 60-ാം മിനിറ്റിൽ ജോയൽ പൊയൻപാലോയാണ് ഫിൻലൻഡിന്റെ വിജയ ഗോൾ നേടിയത്. ജെർ ഉറോനെൻ ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് ജോയൽ പൊയൻപാലോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. അതേസമയം മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ അപകട നില തരണം ചെയ്തു. താരത്തെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറിക്സൺ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു. മത്സരം 40 മിനിറ്റുകൾ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങൾ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിലേറെ മെഡിക്കൽ സംഘം താരത്തെ പരിശോധിച്ചു. തുടർന്ന് എറിക്സണെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ മത്സരത്തിൽ എറിക്സണെ സന്തോഷിപ്പിക്കുന്ന വാർത്ത നൽകാൻ ഡെൻമാർക്ക് താരങ്ങൾക്ക് സാധിച്ചില്ല. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് അവർക്ക് തിരിച്ചടിയായത്. ഫിൻലൻഡ് ഗോളി ലുക്കാസ് റാഡെസ്കിയുടെ മികവ് ഫിൻലൻഡിനെ തുണച്ചു. 73-ാം മിനിറ്റിൽ പോൾസനെ ഫിൻലൻഡ് ഡിഫൻഡർ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എമിൽ ഹോജ്ബർഗ് നഷ്ടപ്പെടുത്തി. താരത്തിന്റെ കിക്ക് റാഡെസ്കി കൈപ്പിടിയിലൊതുക്കുകയായിരുന്നു.

HomeNewsക്രിസ്റ്റ്യന്‍ എറിക്സണ്‍ അപകടനില തരണം ചെയ്തു; ഫിന്‍ലന്‍ഡിനോട് പരാജയമറിഞ്ഞ് ഡെന്‍മാര്‍ക്ക്