
രാജ്യത്ത് കോവിഡ് ബാധിതർ 11 ലക്ഷം കടന്നു; രോഗവ്യാപനം രൂക്ഷം
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 40,000ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു. പുതുതായി 40,425 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 681 മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏഴുലക്ഷത്തോളം പേർ കോവിഡിൽനിന്ന് മുക്തി നേടി. 3,90,459 പേരാണ് നിലവിൽ ചികിത്സയിലുളളത്. 27,497 പേർ ഇതുവരെ മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. തമിഴ്നാടും ഡൽഹിയുമാണ് തൊട്ടുപിന്നിൽ. മഹാരാഷ്ട്രയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 9,518 പേർക്കാണ്. 24 മണിക്കൂറിനിടെ 258 മരണവും റിപ്പോർട്ട് ചെയ്തു. ഒറ്റദിവസം 10,000ത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി. 11,854പേർ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു രാജ്യത്ത് ഇതുവരെ 1,40,47,908 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ലോകരാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസ് അനുമതി നൽകിയിരുന്നു. ഇന്നുമുതൽ ആരോഗ്യവാനായ, സന്നദ്ധരായ ആളുകളിൽ ‘കോവാക്സിൻ’ പരീക്ഷണം നടത്തും. കോവാക്സിെൻറ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഐ.സി.എം.ആർ തിരഞ്ഞെടുത്തത്.
Home › News › രാജ്യത്ത് കോവിഡ് ബാധിതർ 11 ലക്ഷം കടന്നു; രോഗവ്യാപനം രൂക്ഷം
