കോവിഡ് നയം മാറാൻ ‌സമയമായി; ദീർഘമായ അടച്ചുപൂട്ടൽകൊണ്ട് കേരളം എന്തുനേടി?
സംസ്ഥാനം

കോവിഡ് നയം മാറാൻ ‌സമയമായി; ദീർഘമായ അടച്ചുപൂട്ടൽകൊണ്ട് കേരളം എന്തുനേടി?

📍 Maruthonkara, Kozhikode27 Jul 2021

കേരളത്തോളം വലുപ്പമുള്ള അടിസ്ഥാന ചോദ്യങ്ങളാണിപ്പോൾ നമുക്കു മുൻപിൽ: ദീർഘമായ അടച്ചുപൂട്ടൽകാലം പിന്നിട്ടിട്ടും രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) എന്തുകൊണ്ടു പത്തിൽ താഴെയെങ്കിലുമാക്കാൻ നമുക്കു കഴിയുന്നില്ല? പ്രതിദിന േകസുകൾ കുതിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? പെരുമ പറഞ്ഞുകൊണ്ടിരുന്ന നമ്മുടെ കോവിഡ് പ്രതിരോധം എവിടെയൊക്കെയാണു പാളിയത്? ഐസിഎംആർ സിറോ സർവേ പ്രകാരം ഇന്ത്യയിൽ 67.2% പേർക്കു കോവിഡ് വന്നുപോവുകയോ വാക്‌സീൻവഴി പ്രതിരോധശേഷി കൈവരികയോ ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇത് 42.7% ആണെന്നതിനാൽ ബാക്കി 57.3% ഇപ്പോഴും കോവിഡ് വരാൻ സാധ്യതയുള്ളവരാണെന്നാണ് ഈ കണക്കു പറയുന്നത്. അതായത്, കോവിഡ് കേരളം വിടാൻ ഇനിയും സമയമെടുക്കും. ഈ സാഹചര്യം നേരിടാൻ വാക്സീൻ വിതരണം വേഗത്തിലാക്കിയേതീരൂ. അശാസ്ത്രീയമായ അടച്ചിടൽ ഇങ്ങനെ എത്രകാലം തുടരാനാകും? കേരളത്തിൽ കോവിഡ് വാക്സീൻ വിതരണം പ്രതിസന്ധിയിലായത് ഈ ആശങ്കകൾക്കൊപ്പം ചേർത്തുവയ്ക്കുകയും വേണം. ടിപിആർ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനമേഖല തിരിച്ചു ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി മാറ്റണമെന്നു കോവിഡ് വിദഗ്ധസമിതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടു രണ്ടാഴ്ചയിലേറെയായെങ്കിലും അതു പരിഗണിക്കപ്പെട്ടിട്ടില്ല. പലയിടങ്ങളിലും പരിശോധന നടക്കുന്നതു ശാസ്ത്രീയമായിട്ടല്ലെന്നും ടിപിആർ കുറയ്ക്കാനുള്ള സമ്മർദം പരിശോധനാരീതികളെ ബാധിക്കുന്നുണ്ടെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സമിതിയുടെ ശുപാർശ. ടിപിആറിനു പകരം തദ്ദേശസ്ഥാപനങ്ങളിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പ്രായോഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചിരുന്നു. പരിശോധനാരീതി മാറ്റണമെന്നും സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) ആവശ്യപ്പെട്ടതാണ്. തിരക്കു കുറയ്ക്കാൻ ഓഫിസുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനസമയം കൂട്ടുക എന്ന നിർദേശത്തിനാണു പ്രായോഗികതയുടെ പിൻബലമുള്ളത്. ആഴ്ചയിൽ രണ്ടും മൂന്നും ദിവസം അടച്ചിടുന്നത്, തുറക്കുന്ന ദിവസങ്ങളിലെ തിരക്കുകൂട്ടാനേ ഉപകരിക്കൂ എന്നും ഇതു കോവിഡ് വ്യാപനത്തിനിടയാക്കുമെന്നും ആരോഗ്യവിദഗ്ധർതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തിരക്കു കുറയ്ക്കാനായി ബാറുകളിലെ മദ്യവിൽപനസമയം രണ്ടു മണിക്കൂർ മുന്നോട്ടാക്കിയപ്പോൾ മറ്റു കടകൾക്കും ജീവിക്കാൻ പാടുപെടുന്ന വ്യാപാരികൾക്കും അതേ ന്യായം ബാധകമാക്കാത്തത് എന്തുകൊണ്ടാണ്? രണ്ടു ‍ഡോസ് വാക്സീനെടുത്ത് പ്രതിരോധം കൈവരിച്ചവരെയെങ്കിലും ശനി, ഞായർ അടച്ചിടലിൽനിന്ന് ഒഴിവാക്കാത്തതെന്താണെന്ന ചോദ്യവും ഉയരുന്നു. കോവിഡ് പ്രതിരോധത്തിൽ ‌പല സംസ്ഥാനങ്ങളും മാതൃകാപരമായ മുന്നേറ്റം നേടിക്കഴിഞ്ഞു. വലിയ ആശങ്കയുടെ സാഹചര്യത്തിൽനിന്നു കോവിഡ് വ്യാപനത്തെ പിടിച്ചുനിർത്താൻ അവിടങ്ങളിലെ ആരോഗ്യവിദഗ്ധർക്കു കഴിഞ്ഞതു കേരളം അന്വേഷിച്ചറിയേണ്ടതുതന്നെ. അയൽസംസ്ഥാനമായ തമിഴ്നാട് കോവിഡിനെ പിടിച്ചുകെട്ടുന്ന കാര്യത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞതു നമുക്ക് അടുത്തു കാണാവുന്നതാണ്. അവിടെ ഇന്നലെ 1785 പേർക്കു മാത്രമായിരുന്നു കോവിഡ്. ടിപിആർ 1.3%. ആന്റിജൻ എന്ന ഉറപ്പില്ലാപരിശോധന പൂർണമായി ഒഴിവാക്കിയതാണു തമിഴ്നാട് എടുത്ത ഏറ്റവും മികച്ച തീരുമാനം. എല്ലാവർക്കും ആർടിപിസിആർ പരിശോധന മാത്രമാക്കുകയും ചെയ്തു. ഇപ്പോഴും ഒന്നര ലക്ഷത്തോളം പരിശോധന പ്രതിദിനം നടക്കുന്നു. നേരത്തേ കോവിഡ് ഹബ് ആയി മാറിയിരുന്ന ചെന്നൈയിൽ ഇന്നലെ 122 കേസുകൾ മാത്രം. ടിപിആർ 0.5 %. വാക്സീൻ ആവശ്യത്തിനു സംസ്ഥാനത്തുണ്ടെന്ന് ഉറപ്പാക്കുന്ന സർക്കാർ, കോർപറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് പോലും വാക്സീൻ വാങ്ങാൻ ഉപയോഗിക്കുകയാണ്. അവിടെ ഇതുവഴി സ്വകാര്യ ആശുപത്രികളിലൂടെയും സൗജന്യ വാക്സീൻ ലഭിക്കുന്നു. ഇവിടെയും വീണ്ടുവിചാരത്തിനും തിരുത്തലിനും സമയമായി; കണക്കിലെ കളികൾകൊണ്ടു കാര്യം നടക്കുന്നില്ലല്ലോ.

HomeNewsകോവിഡ് നയം മാറാൻ ‌സമയമായി; ദീർഘമായ അടച്ചുപൂട്ടൽകൊണ്ട് കേരളം എന്തുനേടി?