
ഇടിക്കൂട്ടിൽ പൊരുതി വീണ് ഇന്ത്യയുടെ ഇതിഹാസം; മേരി കോം പുറത്ത്
ഒളിംപിക്സ് ബോക്സിങ് 51 കിലോ വിഭാഗത്തില്‍ മേരി കോം പുറത്ത്. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട് തോറ്റു. ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലമെഡല്‍ ജേതാവാണ് മേരി കോം. മേരി കോമിന്റെ അവസാന ഒളിംപിക്സാണിത്. അതേസമയം, പുരുഷ ഹോക്കിയിൽ ഇന്ത്യൻ ടീമിനും ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ പി.വി. സിന്ധുവിനും പിന്നാലെ പുരുഷൻമാരുടെ ബോക്സിങ് സൂപ്പർ ഹെവിവെയ്റ്റ് (91 കിലോഗ്രാം) വിഭാഗത്തിൽ ഇന്ത്യൻ താരം സതീഷ് കുമാറും ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ 4–1ന് മറികടന്നാണ് സതീഷ് കുമാർ ക്വാർട്ടറിൽ കടന്നത്. അമ്പെയ്ത്തിൽ ഷൂട്ട് ഓഫിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ മൂന്നാം സീഡായ ഓഹ് ജിൻ ഹിയെക്കിനെ വീഴ്ത്തി ഇന്ത്യയുടെ അതാനു ദാസ് പുരുഷവിഭാഗം റീകർവ് വ്യക്തിഗത ഇനത്തിൽ പ്രീ ക്വാർട്ടറിലുമെത്തി. ആദ്യ അഞ്ച് സെറ്റിൽ ഇരുവരും തുല്യത പാലിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ഷൂട്ട് ഓഫ് വേണ്ടി വന്നത്. ഷൂട്ട് ഓഫിലെ ആദ്യ ശ്രമത്തിൽ 10 പോയിന്റും നേടിയ അതാനു ദാസ്, ഒൻപത് പോയിന്റ് നേടിയ എതിരാളിയെ പിന്തള്ളി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും സ്വർണം നേടിയ താരമാണ് ഹിയെക്ക്. നേരത്തെ, ചൈനീസ് തായ്പേയിയുടെ യൂ ചെങ് ദേങ്ങിനെ 6–4ന് മറികടന്നാണ് അതാനു ദാസ് മുന്നേറിയത്. പുരുഷ വിഭാഗം ഹോക്കിയിൽ പൂൾ എയിൽ മൂന്നാം ജയം കുറിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനല്‍ ഉറപ്പാക്കി. നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ബാഡ്മിന്റനിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു, വനിതാ വിഭാഗം സിംഗിൾസിൽ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ഡെൻമാർക്കിന്റെ ലോക 12–ാം നമ്പർ താരം മിയ ബ്ലിച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഏഴാം റാങ്കുകാരിയായ സിന്ധുവിന്റെ മുന്നേറ്റം. സ്കോർ: 21-15, 21-13.
Home › News › ഇടിക്കൂട്ടിൽ പൊരുതി വീണ് ഇന്ത്യയുടെ ഇതിഹാസം; മേരി കോം പുറത്ത്
