നിപ്പയിൽ ആശ്വാസം; മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ എട്ട് പേർക്ക് രോഗമില്ല
കോഴിക്കോട്∙ നിപ്പ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്നു എട്ടുപേരുടെ സ്രവസാംപിൾ പരിശോധനാ ഫലം നെഗറ്റീവ്. നിപ്പ ബാധിച്ചു മരിച്ച 12 വയസ്സുകാരനുമായി അടുത്തിടപഴകിയ ബന്ധുക്കളുടെയും ആരോഗ്യപ്രവർത്തകരുടെയും സാംപിളുകളാണിവ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആശ്വാസകരമായ വാർത്തയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അഞ്ച് പേരുടെ ഫലം കൂടി ഇന്നു ലഭിക്കുമെന്നും കോഴിക്കോട് കലക്ടേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രി അഹമദ് ദേവർകോവിലും ആരോഗ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നിലവിൽ നിപ്പ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ 48 പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോടുനിന്നുള്ള 31 പേർ, വയനാട്ടിൽനിന്നുള്ള നാല് പേർ, മലപ്പുറത്തുനിന്നുള്ള മൂന്നു പേർ, എറണാകുളത്തുനിന്നുള്ള ഒരാൾ എന്നിങ്ങനെയാണ് ചികിത്സയിലുള്ളവർ. ഇവർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. കോഴിക്കോടുള്ള പരിശോധനാ യൂണിറ്റിൽ പുലർച്ചെ 2 മണിയോടെ ആർടിപിസിആർ പരിശോധന തുടങ്ങി. അതിൽ ആദ്യ ഫലം നെഗറ്റീവാണ്. വീടുകളിൽ സർവൈലൻസ് ഇന്നു തുടങ്ങും. നിപ്പ വൈറസിന്റ ഉറവിടം കണ്ടെത്തുന്നതിനായി ഭോപ്പാല്‍ എന്‍ഐവിയില്‍നിന്നുള്ള സംഘം ബുധനാഴ്ച കോഴിക്കോടെത്തും. പഴം തീനി വവ്വാലുകളെ കണ്ടെത്തി അവയുടെ സ്രവമെടുത്ത് പരിശോധിക്കും.
Home › News › നിപ്പയിൽ ആശ്വാസം; മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ എട്ട് പേർക്ക് രോഗമില്ല
