ഫോഡ് ഇന്ത്യ വിടുന്നു: ഇനി ഇറക്കുമതി മോഡലുകൾ മാത്രം
ദേശീയം

ഫോഡ് ഇന്ത്യ വിടുന്നു: ഇനി ഇറക്കുമതി മോഡലുകൾ മാത്രം

📍 Maruthonkara, Kozhikode9 Sept 2021

ലോകത്തിലെ തന്നെ പ്രമുഖ വാഹന നിർമാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ഉൽ‌പാദനം അവസാനിപ്പിക്കുന്നു. സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ നിർമാണ യൂണിറ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും മസ്താങ്, മസ്താങ് മാക്ക് ഇ പോലുള്ള ഇറക്കുമതി വാഹനങ്ങൾ മാത്രമാകും ഇനി ഇന്ത്യയിൽ ലഭിക്കുകയെന്നും ഫോഡ് ഇന്ത്യ പ്രസിഡന്റ് അനുരാഗ് മെഹ്രോത്ര വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന കടുത്ത വെല്ലുവിളിയാണ് ഇൗ തീരുമാനത്തിനു പിന്നിലെന്ന് അനുരാഗ് പറഞ്ഞു. ഇന്ത്യയിലെ വാഹനവിപണിയിൽ ഫോഡ് നിക്ഷേപിച്ച 250 കോടി ഡോളറിൽ 200 കോടി ഡോളറോളം നഷ്ടമുണ്ടായെന്നും ഇൗ നിലയിൽ വലിയ മാറ്റങ്ങൾ ഉടനെയുണ്ടാകാൻ സാധ്യതയില്ലാത്തതിനാലാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ തുടങ്ങിയ വാഹനങ്ങളുടെ വിൽ‌പന നിലവിലെ സ്റ്റോക്ക് അവസാനിക്കുന്നതു വരെയുണ്ടാകുമെന്നും ഭാവിയിൽ മസ്താങ്, മാക്ക് ഇ പോലുള്ള ഇറക്കുമതി വാഹനങ്ങൾ മാത്രമാണ് ഇന്ത്യയിൽ ലഭിക്കുകയെന്നും അനുരാഗ് കൂട്ടിച്ചേർത്തു. എന്നാൽ നിലവിലെ ഫോഡ് ഉപഭോക്താക്കാൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ഫോഡ് ഉടമകളെ ഉപേക്ഷിക്കില്ലെന്നും തുടർന്നും അവർക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വാറണ്ടി, സർവീസ്, സ്പെയർ പാർട്സ് ലഭ്യത തുടങ്ങിയ സേവനങ്ങൾ നിലവിലുള്ള ഡീലർമാർക്കൊപ്പം ചേർന്ന് ഉപഭോക്താക്കൾക്ക് അടുത്ത ഒൻപതു വർഷത്തേക്ക് ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു. 1995-ലാണ് മഹീന്ദ്രയ്ക്കൊപ്പം ചേർന്ന് ഫോ‍ഡ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് സ്വതന്ത്ര കമ്പനിയായ ഫോഡ് അടുത്തിടെ വീണ്ടും മഹീന്ദ്രയുമായി കൈ കോർക്കാൻ ഒരുങ്ങിയെങ്കിലും പദ്ധതികൾ പാതി വഴിയിൽ നിലച്ചു. ഇതോടെയാണ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കമ്പനിക്ക് പൂട്ടു വീഴുന്നത്. 2017–ൽ ജനറൽ മോട്ടോഴ്സും ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

HomeNewsഫോഡ് ഇന്ത്യ വിടുന്നു: ഇനി ഇറക്കുമതി മോഡലുകൾ മാത്രം