ശേഖരം തീരുന്നു, കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്കോ
ദേശീയം

ശേഖരം തീരുന്നു, കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്കോ

📍 Mukkam, Kozhikode6 Oct 2021

ന്യൂഡൽഹി: ഊർജ്ജ ഉത്പാദനം ഗണ്യമായി ഉയരുകയും ഖനികൾ പലതും വെള്ളത്തിലാകുകയും ചെയ്തതോടെ രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം. കഷ്ടിച്ച് നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി ശേഖരം മാത്രമാണ് പല നിലയങ്ങളിലുമുള്ളത്. പകുതിയിലധികം നിലയങ്ങളും അടുത്ത ദിവസങ്ങളിൽ തന്നെ പ്രവർത്തനം നിലയ്ക്കും. സ്ഥിതിഗതികൾ ഈ രീതിയിൽ തുടർന്നാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രതിസന്ധിയുണ്ടെന്ന് ഊർജമന്ത്രി ആർ.കെ സിങ് പ്രതികരിച്ചു. എങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോകാതെ കഷ്ടിച്ച് ആവശ്യം നിറവേറ്റി പോകാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രാലയങ്ങളുമായി ചേർന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഊർജമന്ത്രാലയം. രാജ്യാന്തര വിപണിയിൽ കൽക്കരിക്ക് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചു. 104 താപനിലയങ്ങളിൽ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളിൽ സെപ്റ്റംബർ 30 ന് തന്നെ സ്റ്റോക് തീർന്നു. 39 നിലയങ്ങളിൽ മൂന്നു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി ശേഖരമേ അവശേഷിക്കുന്നുള്ളൂ. യൂറോപ്പിലും ചൈനയിലും അടക്കം കൽക്കരി ഉപഭോഗം കൂടിയതോടെ ഇറക്കുമതിക്കുള്ള ചെലവും കൂടി. അടുത്ത ആറ് മാസം വരെ ഈ പ്രതിസന്ധി തുടരാനുള്ള സാധ്യതയും വിദഗ്ധർ പറയുന്നുണ്ട്. വേനൽ മാറി ഒക്ടോബർ പകുതിയോടെ കാലാവസ്ഥ മാറുകയും തണുപ്പാകുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയാണ് പതിവ്. ഇന്ത്യയുടെ മൊത്ത വൈദ്യുത ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൽക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളാണ്. കൽക്കരിക്ഷാമം വൈദ്യുത നിരക്കുകകളിലും വർദ്ധനയുണ്ടാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക് എത്തുമ്പോൾ വൈദ്യുതി ആവശ്യവും കുത്തനേ ഉയർന്നു. പക്ഷെ കൽക്കരി ഉൽപാദനത്തിലെ മാന്ദ്യം തിരിച്ചടിയാകുകയായിരുന്നു. കനത്ത മഴയിൽ കൽക്കരി ഖനികളിൽ വെള്ളം കയറിയതും പ്രധാനപ്പെട്ട ഗതാഗത പാതകൾ വെള്ളത്തിൽ മുങ്ങിയതുമാണ് ക്ഷാമത്തിന് കാരണം. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വിലയിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. മഴ കുറയുന്നതോടെ കാര്യങ്ങൾ നിയന്ത്രണവിധേയമാകുമെന്നാണ് അധികൃതർ കരുതുന്നത്. സർക്കാരിന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ താപവൈദ്യുത നിലയങ്ങളിലെ മൊത്ത കൽക്കരി സംഭരണം സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 8.1 ദശലക്ഷം ടണ്ണായി കുറഞ്ഞു. മുൻ വർഷത്തേക്കാൾ 76% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ രണ്ടാം വാരത്തോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞില്ല എങ്കിൽ കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്കാകും രാജ്യം നീങ്ങുക എന്നാണ് റിപ്പോർട്ടുകൾ.

HomeNewsശേഖരം തീരുന്നു, കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്കോ