ചൈനീസ് കാർ ഇന്ത്യയിൽ വിൽക്കേണ്ട, ടെസ്‌ലയോടു ഗഡ്കരി
ദേശീയം

ചൈനീസ് കാർ ഇന്ത്യയിൽ വിൽക്കേണ്ട, ടെസ്‌ലയോടു ഗഡ്കരി

📍 Mukkam, Kozhikode12 Oct 2021

ചൈനയിൽ നിർമിച്ച വൈദ്യുത കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്നു യു എസ് നിർമാതാക്കളായ ടെസ്‌ലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പകരം ഇന്ത്യയിൽ വൈദ്യുത വാഹനം(ഇ വി) നിർമിച്ചു കയറ്റുമതി ചെയ്യാനാണു ടെസ്‌ലയോട് അഭ്യർഥിച്ചിരിക്കുന്നത്. ചൈനീസ് അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾക്കിടയിലെ സംഘർഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ലാത്ത സാഹചര്യത്തിലാണു ഗഡ്കരിയുടെ ഈ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ വൈദ്യുത വാഹന നിർമാണം ആരംഭിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും ടെസ്‌ലയ്ക്കു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഗഢ്കരി വ്യക്തമാക്കി. ഇറക്കുമതി ചുങ്കത്തിലടക്കം ഇളവു വേണമെന്ന ടെസ‌്‌ലയുടെ ആവശ്യങ്ങളെപ്പറ്റി താൻ ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, നികുതി ഇളവ് അനുവദിക്കുന്നത് പരിഗണിക്കണമെങ്കിൽ ആദ്യം പ്രാദേശികമായി വാഹന നിർമാണം ആരംഭിക്കണമെന്നായിരുന്നു ടെസ‌്‌ലയുടെ ആവശ്യത്തോട് കഴിഞ്ഞ മാസം കേന്ദ്ര ഘനവ്യവസായ മന്ത്രാലയം പ്രതികരിച്ചത്. നിലവിൽ വിദേശത്തു നിർമിച്ച കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ എൻജിൻ ശേഷിയും വിലയും ഇൻഷുറൻസും കടത്തുകൂലിയുമൊക്കെ അടിസ്ഥാനമാക്കി 60 മുതൽ 100% വരെയാണു ചുങ്കനിരക്ക്. മൊത്തം മൂല്യം 40,000 ഡോളറിൽ കുറവെങ്കിൽ 60 ശതമാനവും 40,000 ഡോളറിനു മുകളിലാണു മൂല്യമെങ്കിൽ 100 ശതമാനവുമാണു തീരുവ. കസ്റ്റംസിന്റെ കണക്കുപ്രകാരം 40,000 ഡോളറിലേറെ മൂല്യമുള്ള കാറുകൾക്ക് സർചാർജ് അടക്കം 110% ഇറക്കുമതി ചുങ്കം ഈടാക്കുന്നത് മലിനീകരണ വിമുക്തമായ വാഹനങ്ങളെ വിലക്കുന്നതിനു സമമാണെന്നായിരുന്നു റോഡ് ഗതാഗത മന്ത്രാലയത്തിനുള്ള കത്തിൽ ടെസ‌്‌ല അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ വൈദ്യുത വാഹനങ്ങൾക്കുള്ള ഇറക്കുമതി തീരുവ 40% ആയി നിജപ്പെടുത്തണമെന്നും സാമൂഹിക ക്ഷേമ സർചാർജിൽ നിന്ന് ഇ വികളെ ഒഴിവാക്കണമെന്നുമായിരുന്നു ടെസ‌്‌ലയുടെ ആവശ്യം. ഇത്തരം നടപടികൾ ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ട ടെസ‌്‌ല, വിൽപന, വിൽപ്പനാന്തര സേവന, ചാർജിങ് മേഖലയിലെ അടിസ്ഥാന സൗകര്യ മേഖലകളിൽ കമ്പനി ഗണ്യമായ നിക്ഷേപവും വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ ആഗോളതലത്തിലെ വാഹന നിർമാണത്തിനായി ഇന്ത്യയിൽ നിന്നു സമാഹരിക്കുന്ന ഘടകങ്ങളടെ വിഹിതം വർധിപ്പിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. കമ്പനിയുടെ നിർദേശങ്ങൾ അംഗീകരിക്കുന്നത് ഇന്ത്യൻ വാഹന വ്യവസായത്തിനു നഷ്ടമൊന്നും വരുത്തില്ലെന്നും ടെസ‌്‌ല വ്യക്തമാക്കുന്നു. ഇന്ത്യൻ നിർമാതാക്കളാരും തന്നെ 40,000 ഡോളർ മൂല്യമുള്ള കാറുകൾ നിർമിക്കുന്നില്ല. പോരെങ്കിൽ ഇന്ത്യയിലെ മൊത്തം കാർ വിൽപനയിൽ വെറും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് 40,000 ഡോളറിലേറെ മൂല്യമുള്ള മോഡലുകളുടെ വിഹിതം.

HomeNewsചൈനീസ് കാർ ഇന്ത്യയിൽ വിൽക്കേണ്ട, ടെസ്‌ലയോടു ഗഡ്കരി