
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സിദാനു താൽപര്യമില്ല
നിരവധി സൂപ്പർതാരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെതിരായ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവി വഴങ്ങിയതോടെ സോൾഷെയറിന്റെ പരിശീലകസ്ഥാനത്തിന് ഇളക്കം തട്ടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ ഒരു വിഭാഗം നോർവീജിയൻ പരിശീലകന് നിലവിലുള്ള ടീമിനെ നയിക്കാൻ കഴിയില്ലെന്നു വിശ്വസിക്കുന്നു. നിരവധി സൂപ്പർതാരങ്ങൾ ടീമിലുള്ളതു കൊണ്ടു തന്നെ അവരെ നയിക്കാൻ കഴിയുന്ന ഒരു പരിശീലകൻ വേണമെന്ന നിലപാടാണ് ആരാധകർക്കുള്ളത്. അതുകൊണ്ടു തന്നെ റയൽ മാഡ്രിഡിൽ വമ്പൻ താരങ്ങളെ അനായാസം കൈകാര്യം ചെയ്‌ത് അവർക്ക് നിരവധി കിരീടങ്ങൾ സ്വന്തമാക്കി നൽകിയ സിനദിൻ സിദാന്റെ പേരും സോൾഷെയറിന്റെ പകരക്കാരുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ഇഎസ്‌പിഎന്നിനെ അധികരിച്ച് ജൂലിയൻ ലോറൻസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സോൾഷെയറിനു പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സിദാന് യാതൊരു താൽപര്യവുമില്ല. കഴിഞ്ഞ സീസണു ശേഷം റയൽ മാഡ്രിഡിൽ നിന്നും പടിയിറങ്ങിയ സിദാന് ഫ്രാൻസ് ടീമിന്റെ പരിശീലകസ്ഥാനം ലക്‌ഷ്യം വെക്കുന്നുണ്ടെന്ന വാർത്തകളെ ശരി വെക്കുന്നതാണ് ഈ റിപ്പോർട്ടുകൾ. സോൾഷെയറിനു പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്താൻ സാധ്യതയുള്ളവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സിദാനെ സംബന്ധിച്ചുള്ള ഈ റിപ്പോർട്ടുകൾ റെഡ് ഡെവിൾസ് ആരാധകർക്ക് കടുത്ത നിരാശ സമ്മാനിക്കുന്നതാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം റൊണാൾഡോക്ക് നടത്താൻ വഴി തെളിച്ചു നൽകിയ ഫ്രഞ്ച് പരിശീലകനു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തെഴുന്നേറ്റു വരുമെന്ന് അവരിൽ പലരും പ്രതീക്ഷിക്കുന്നുണ്ട് എന്നത് സത്യമാണ്.
Home › News › മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സിദാനു താൽപര്യമില്ല
