
റബറിനു സർക്കാർ വിലയിടും; കൂട്ടിവിറ്റാലും കുറച്ചുവിറ്റാലും കർഷകന് തടവും പിഴയും
കൊച്ചി ∙ സർക്കാർ നിശ്ചയിക്കുന്ന താഴ്ന്ന വിലയ്ക്കു താഴെ റബർ വിറ്റാൽ ജയിൽ ശിക്ഷ. മാത്രമല്ല, റബറിന്റെ ഉയർന്ന വിലയും സർക്കാർ നിശ്ചയിക്കും. ഇൗ വിലയ്ക്കു മുകളിൽ റബർ വിൽക്കുകയോ, വാങ്ങുകയോ ചെയ്യുന്നതും ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നു സർക്കാർ പറയുന്നു. കുറഞ്ഞ വിലയിൽ താഴെയോ, കൂടിയ വിലയ്ക്കു മുകളിലോ കച്ചവടത്തിനു കരാറുണ്ടാക്കിയാലും പുതിയ നിയമപ്രകാരം കുറ്റകരമാണ്. നിലവിലുള്ള റബർ ബോർഡ് ആക്ടിനു പകരം കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന റബർ ബിൽ 2022 ലാണു വിചിത്രമായ ഇൗ നിർദേശങ്ങൾ. ഇൗ മാസം ആദ്യം പ്രസിദ്ധീകരിച്ച കരടു ബിൽ സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തെ ഇന്നു കൂടി അഭിപ്രായങ്ങൾ അറിയിക്കാം.1947 ലെ റബർ ബോർഡ് ആക്ടിനു പകരമായാണു റബർ (പ്രമോഷൻ ആൻഡ് ഡവലപ്മെന്റ്) ബിൽ 2022 കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഭേദഗതികൾ പരിഗണിച്ചു കഴിഞ്ഞാൽ വൈകാതെ ഇതു നിയമമാകും. ബില്ലിൽ റബർ വ്യവസായ ഉൽപന്നം റബർ വിലയിടിവു മൂലം കർഷകർ നട്ടം തിരിയുമ്പോൾ അവരെ സഹായിക്കാനാണു കുറഞ്ഞ വില നിശ്ചയിക്കുന്നതെന്നു തോന്നുമെങ്കിലും ഇതു കുറഞ്ഞ അടിസ്ഥാന വിലയല്ല. വിപണിയിൽ മിനിമം വിലയെക്കാൾ വില താഴ്ന്നാൽ സർക്കാർ റബർ സംഭരിക്കുമെന്നു കരടിൽ പറയുന്നില്ല. നിവൃത്തിയില്ലാതെ ഏതെങ്കിലും കർഷകനു കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടി വന്നാൽ അയാൾ കുറ്റക്കാരനാണ്. റബർ ഇപ്പോഴും വാണിജ്യ വകുപ്പിനു കീഴിലാണെങ്കിലും ബില്ലിൽ റബറിനെ പൂർണമായും വ്യവസായ ഉൽപന്നമായാണു നിർവചിച്ചിട്ടുള്ളത്. പൊതുവേ വ്യവസായങ്ങൾക്കു സ്വീകാര്യമായ രീതിയിലാണു ബില്ലിലെ പല നിർദേശങ്ങളും. ആഭ്യന്തര ഉൽപാദനത്തിന്റെ 85% വിഹിതമുള്ള കേരളത്തിനു റബർ ബോർഡിൽ പ്രാതിനിധ്യം കുറയാനുള്ള സാധ്യതകളുമുണ്ട്. 4 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമായി ഉണ്ടെന്നതിനാൽ സംസ്ഥാന പ്രതിനിധികളെ നിശ്ചയിക്കുമ്പോൾ ഉൽപാദനത്തിന് അനുസൃതമായ പ്രാതിനിധ്യം ലഭിക്കണമെന്നില്ല. കേന്ദ്ര സർക്കാരാണു പ്രതിനിധികളെ നിശ്ചയിക്കുന്നത്.
Home › News › റബറിനു സർക്കാർ വിലയിടും; കൂട്ടിവിറ്റാലും കുറച്ചുവിറ്റാലും കർഷകന് തടവും പിഴയും
