
മൊബൈൽ ഇന്റർനെറ്റ് വേഗം താഴോട്ട്, ഡിജിറ്റൽ ഇന്ത്യയുടെ സ്ഥാനം 129, പാക്കിസ്ഥാന് പിന്നിൽ
ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതി പാതിവഴിയിൽ തന്നെയാണ് എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. 4ജി വിട്ട് 5ജിയിലേക്ക് പോകുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും 3ജി പോലും ലഭ്യമാക്കാത്ത ഗ്രാമങ്ങളുണ്ടെന്നത് വസ്തുതയാണ്. മോദിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയ്ക്ക് വേണ്ട അടിസ്ഥാന കാര്യമാണ് അതിവേഗം ഇന്റർനെറ്റ്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ബഹുദൂരം പിന്നിലാണ്. രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങൾ ലഭ്യമല്ല. ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. സ്പീഡ്ടെസ്റ്റ്.നെറ്റിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 129–ാം സ്ഥാനത്താണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 109-ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് ഇത്രയും പിന്നോട്ട് പോയിരിക്കുന്നത്. 2020 ഓഗസ്റ്റ് അവസാനത്തിലെ കണക്കുകൾ പ്രകാരം ലോകത്തെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 34.82 എംബിപിഎസും അപ്‌ലോഡ് 10.99 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 84.33 എംബിപിഎസും അപ്‌ലോഡ് 44.10 എംബിപിഎസുമാണ്. 129–ാം സ്ഥാനത്തുള്ള ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 12.10 എംബിപിഎസും അപ്‌ലോഡ് കേവലം 4.21 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 71–ാം സ്ഥാനത്താണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ പട്ടികയിൽ 117–ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 16.58 എംബിപിഎസും അപ്‌ലോഡ് 10.97 എംബിപിഎസുമാണ്. ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നൽകുന്നത്. ഏറ്റവും കൂടുതൽ പേര്‍ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 2–ാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുളള ദക്ഷിണ കൊറിയയിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് സെക്കൻഡിൽ 113.01 എംബിയാണ് ശരാശരി ഡേറ്റ ഡൗൺലോഡിങ് വേഗം.
Home › News › മൊബൈൽ ഇന്റർനെറ്റ് വേഗം താഴോട്ട്, ഡിജിറ്റൽ ഇന്ത്യയുടെ സ്ഥാനം 129, പാക്കിസ്ഥാന് പിന്നിൽ
