കെട്ടിട നിര്‍മാണസാമഗ്രി കടകള്‍ക്ക് രണ്ടു ദിവസം പ്രവര്‍ത്തനാനുമതി
കോഴിക്കോട്: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളോടെപ്പം വെള്ളപ്പൊക്ക, പകര്‍ച്ചവ്യാധി, മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവൃത്തികള്‍ എന്നിവയും അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സാംബശിവ റാവു നിര്‍ദ്ദേശം നല്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്/സെക്രട്ടറിമാരുമായി ജില്ലാ കളക്ടര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദ്ദേശം നല്‍കിയത്.കെട്ടിട നിര്‍മാണ സാമഗ്രികളുടെ കച്ചവട സ്ഥാപനങ്ങള്‍ ബുധന്‍ , വെള്ളി ദിവസങ്ങളില്‍ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ഇതിനാവശ്യമായ അനുമതി അതത് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നല്‍കാവുന്നതാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പല ജോലികളും പുനരാരംഭിക്കാന്‍ തടസമാകുന്ന ക്വാറി ഉല്‍പ്പന്നങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ക്വാറികളും ക്രഷറുകളും ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കാം.ഇതിനുള്ള അനുമതി തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ നല്‍കും. ജില്ലയ്ക്കുള്ളില്‍ ഇതിനാവശ്യമായ വാഹന പെര്‍മിറ്റുകളും സെക്രട്ടറിമാര്‍ അനുവദിക്കും. ലോക്ക്ഡൗണില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇളവനുവദിച്ച കച്ചവടസ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്കി. ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവച്ചിരുന്ന തോടുകളിലെയും പുഴകളിലെയും അടിഞ്ഞുകൂടിയ എക്കല്‍, പാറകള്‍ എന്നിവ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ അടിയന്തിരമായി പുനരാരംഭിക്കാനും മഴയ്ക്ക് മുന്‍പായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ നിര്‍ദേശം നല്കി. എല്ലാ ദുരന്തനിവാരണ, വരള്‍ച്ചാ ദുരിത നിവാരണപ്രവര്‍ത്തനങ്ങളും അടിയന്തിരമായി പുനരാരംഭിച്ച് മഴയ്ക്കുമുന്‍പായി പൂര്‍ത്തിയാക്കണം.പ്രവൃത്തികളുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ഉദ്യോഗസ്ഥരും (സാങ്കേതികവിഭാഗം ഉള്‍പ്പടെ) അടിയന്തരമായി ജോലിയില്‍ പ്രവേശിച്ച് കാലവര്‍ഷത്തിന് മുന്‍പായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം.
Home › News › കെട്ടിട നിര്‍മാണസാമഗ്രി കടകള്‍ക്ക് രണ്ടു ദിവസം പ്രവര്‍ത്തനാനുമതി
