
കോവിഡ് ഇറക്കുമതിയെ ബാധിച്ചു; രാജ്യത്ത് 18 വര്‍ഷത്തിന് ശേഷം ആദ്യമായി വാണിജ്യ മിച്ചം
ന്യൂഡൽഹി: ജൂണിൽ 790 മില്യൺ ഡോളറിന്റെ വാണിജ്യ മിച്ചം ഇന്ത്യയിൽ രേഖപ്പെടുത്തി. 18 വർഷത്തിനുള്ളിൽ ആദ്യമായിട്ടാണ് രാജ്യത്ത് വാണിജ്യ മിച്ചമുണ്ടാകുന്നത്. കൊറോണവൈറസ് മഹാമാരിയെ തുടർന്ന് ക്രൂഡ് ഓയിൽ, സ്വർണം മറ്റു വ്യാവസായിക ഉത്പന്നങ്ങൾ എന്നിവയ്ക്കുള്ള ആഭ്യന്തര ആവശ്യം കുറഞ്ഞതിനെ തുടർന്ന് ഇറക്കുമതിയിലുണ്ടായ കുറവാണിതിന് കാരണം. മാർച്ച് മുതൽ ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു, ഇന്ത്യ-ചൈന ബന്ധം വഷളായി, ആഗോള ഡിമാൻഡ് കുറയുന്നതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും അടുത്ത ഏതാനും പാദങ്ങളിലും വ്യാപരത്തെ സമ്മർദ്ദത്തിലാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏപ്രിൽ മുതൽ ഈ സാമ്പത്തിക വർഷം അഞ്ചു ശതമാനം വരെ ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് ശതമാനം വരെ വളർച്ചയുണ്ടാകുമെന്നായിരുന്നു സർക്കാർ നേരത്തെ കണക്കാക്കിയിരുന്നത്. രണ്ടു മാസത്തിലേറെ നീണ്ട ലോക്ക്ഡൗൺ സാമ്പത്തിക പ്രവർത്തനങ്ങളേയും ഉപഭോക്തൃ ആവശ്യത്തേയും ബാധിച്ചു. വ്യാപര ഇറക്കുമതി ജൂണിൽ 47.59 ശതമാനം ഇടിഞ്ഞ് 21.11 ബില്യൺ ഡോളറിലെത്തി. കയറ്റുമതി 12.41 ശതമാനം കുറഞ്ഞ് 21.91 ബില്യൺ ഡോളറിലെത്തി. ഇത് വാണിജ്യമിച്ചത്തിലേക്ക് നയിച്ചതായും വാണിജ്യ-വ്യവസായ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം 2002-ലാണ് ഇതിന് മുമ്പ് ഇന്ത്യയിൽ വാണിജ്യമിച്ചം രേഖപ്പെടുത്തിയിട്ടുള്ളത്. 10 മില്യൺ ഡോളറിന്റെ വാണിജ്യമിച്ചമാണ് അന്ന് രേഖപ്പെടുത്തിയത്.
Home › News › കോവിഡ് ഇറക്കുമതിയെ ബാധിച്ചു; രാജ്യത്ത് 18 വര്‍ഷത്തിന് ശേഷം ആദ്യമായി വാണിജ്യ മിച്ചം
