പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രം കുത്തനെ കൂട്ടി, നിലവിലെ വിലയില്‍ മാറ്റമുണ്ടാകില്ല
ദില്ലി: പെട്രോളിനും ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്സൈസ് തീരുവ എന്നിവ കേന്ദ്രം കുത്തനെ ഉയർത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വർധനവാണ് റോഡ് ആൻഡ് ഇൻഫ്രാ സെസ് ഇനത്തിൽ വർധിപ്പിച്ചിട്ടുള്ളത്. എക്സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും. ആഗോള തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. തീരുവ വർധിപ്പിച്ചെങ്കിലും പെട്രോൾ, ഡിസൽ എന്നിവയുടെ നിലവിലെ വിൽപന വിലയിൽ മാറ്റമുണ്ടാകില്ല. നിരക്ക് വർധനവ് നിലവിൽ വന്നതോടെ ഒരു ലിറ്റർ പെട്രോളിന് കൊടുക്കുന്ന തുകയിൽ 32.98 രൂപയും നികുതിയാണ്. ഡീസലിന് ഇത് 31.83 രൂപയുമാകും. പുതിയ നികുതി നിരക്ക് പ്രാബല്യത്തിലായതോടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിൽ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വർധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാർച്ച് 16 ന് ആയിരുന്നു വർധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും അന്ന് മൂന്നുരൂപയുടെ നികുതി വർധനവാണ് ഏർപ്പെടുത്തിയത്. ഇതിലൂടെ 39,000 കോടിയുടെ വരുമാനം അധികാവരുമാനം പ്രതീക്ഷിക്കുന്നു. കോവിഡ് പ്രതിസന്ധിയിലാവുകയും ക്രൂഡോയിലിന് ആവശ്യകത കുറയുകയും ചെയതത്. ഇത് വില കുത്തനെ ഇടിയാൻ കാരണമായി.
Home › News › പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രം കുത്തനെ കൂട്ടി, നിലവിലെ വിലയില്‍ മാറ്റമുണ്ടാകില്ല
