സംസ്ഥാനം

പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങും മുമ്ബ് കൊവിഡ്-19 ടെസ്റ്റ് നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യമുയരുന്നു

📍 Mukkam, Kozhikode26 Apr 2020

റിയാദ് : കേരളത്തിലെ പ്രവാസികളില്‍ അടിയന്തിരമായി നാട്ടിലെത്തേണ്ടവര്‍ക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നോര്‍ക്കയുടെ കീഴില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമ്ബോഴും സര്‍ക്കാരിന്റെ പഴയ ഉത്തരവ് ആശങ്കക്കിട നല്‍കുന്നു. വിദേശ മലയാളികള്‍ നാട്ടിലേക്ക് മടങ്ങും മുമ്ബ് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കേരള സര്‍ക്കാരിന്റെ ഉത്തരവാണ് ഏറെ ആശങ്കക്കിട നല്‍കുന്നത്. ഗള്‍ഫ് നാടുകളില്‍ നിലവിലെ അവസ്ഥയില്‍ ഇത് അസാധ്യമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഉത്തരവ് അപ്രായോഗികമാണെന്നതിനാല്‍ തന്നെ ഇത് പിന്‍വലിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഈ മാസം 20 ന് പ്രവാസി കാര്യ വകുപ്പ് പുറപ്പെടുവിച്ച 236/2020 നമ്ബര്‍ ഗവണ്‍മെന്റ് ഓര്‍ഡറിലാണ് ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുളളത്. 'മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവായ പക്ഷം നോര്‍ക്ക വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തില്‍ ക്വറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ വേണ്ടി മാത്രമായിരിക്കും' എന്നാണ് നിര്‍ദേശം. വിദേശ രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ കൊവിഡ് ടെസ്റ്റിന് സൗകര്യം ചെയ്തു കൊടുക്കണമെന്നും ഉത്തരവിലുണ്ട്. അതേസമയം, ടെസ്റ്റ് നടത്തി നെഗേറ്റിവ് ആണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് നില നില്‍ക്കെ തന്നെ ഇതുകൂടാതെ തന്നെ നിലവില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ നടത്തുമ്ബോള്‍ നിങ്ങള്‍ കൊവിഡ്-19 ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട്/ഇല്ല എന്നിങ്ങനെ രേഖപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. ഇല്ലെന്ന് രേഖപ്പെടുത്തിയാലും രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, ഉത്തരവ് നില നില്‍ക്കെ പിന്നീട് ഇതില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടി യാത്ര നീട്ടി വെക്കേണ്ടി വരുമോയെന്ന സംശയവും പ്രവാസികള്‍ ഉയര്‍ത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വൈറസ് ബാധ സംശയിക്കുന്നവരില്‍ തന്നെ ടെസ്റ്റ് നടത്തുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ഥിതി വിശേഷമാണെന്നിരിക്കെ ഉത്തരവ് അപ്രായോഗികമാണെന്നും ടെസ്റ്റ് നടത്താതെ തന്നെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സര്‍ക്കാര്‍ ശ്രമം തുടരണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.

HomeNewsപ്രവാസികള്‍ നാട്ടിലേക്ക് മടങ്ങും മുമ്ബ് കൊവിഡ്-19 ടെസ്റ്റ് നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യമുയരുന്നു