കേരളത്തിൽ 2 ജില്ലകൾ റെഡ്സോണിൽ, 2 ജില്ലകൾ ഗ്രീന്‍സോണിൽ, 10 ജില്ലകൾ ഓറഞ്ച് സോണിൽ
തിരുവനന്തപുരം: രണ്ടാംഘട്ട ലോക്ഡൗൺ അവസാനിക്കുന്ന മേയ് 3നു ശേഷവും രാജ്യത്തെ റെഡ് സോൺ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ. ആകെ 130 ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തിലെ രണ്ടു ജില്ലകളാണ് ഈ മേഖലയിൽ ഉള്ളത് – കണ്ണൂരും കോട്ടയവും. ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും യഥാക്രമം 19ഉം 14ഉം റെഡ് സോണുകളാണുള്ളത്. തമിഴ്‌നാട് 12ഉം ഡൽഹിയിൽ 11 ജില്ലകളും ‘നോ ആക്റ്റിവിറ്റി’ സോണുകളുമാണ്. രാജ്യത്താകെയുള്ള 733 ജില്ലകളിൽ 284 എണ്ണമാണ് ഓറഞ്ച് സോണിൽ ഉള്ളത്. ലോക്ഡൗണിനു ശേഷം ഇവിടെ ഭാഗിക ഇളവുകൾ അനുവദിക്കും. കേരളത്തിലെ 10 ജില്ലകളാണ് ഓറഞ്ച് സോണിൽ ഉള്ളത് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട്. ഗ്രീൻ സോണിൽ ഈ മാസം 4 മുതൽ പരമാവധി ഇളവുകൾ അനുവദിക്കും. രാജ്യത്താകെ 319 ഗ്രീൻ സോണുകളാണ് ഉള്ളത്. കേരളത്തിൽ എറണാകുളം, വയനാട് ജില്ലകൾ ഈ മേഖലയിലാണ്. കഴിഞ്ഞ 28 ദിവസമായി ഇവിടെ പുതിയ രോഗികളില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്. ആരോഗ്യ സെക്രട്ടറി പ്രീതി സുഡാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ചു കത്തയച്ചു. ആഴ്ചതോറും പട്ടിക പുതുക്കുമെന്നും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു നിർദേശം നൽകുമെന്നും കത്തിൽ പറയുന്നു
Home › News › കേരളത്തിൽ 2 ജില്ലകൾ റെഡ്സോണിൽ, 2 ജില്ലകൾ ഗ്രീന്‍സോണിൽ, 10 ജില്ലകൾ ഓറഞ്ച് സോണിൽ
