
തിരുവനന്തപുരത്ത് 2 ഭീകരർ പിടിയിൽ; എൻഐഎ വലയിൽ കണ്ണൂർ സ്വദേശിയും
തിരുവനന്തപുരം ∙ വിമാനത്താവളത്തിൽനിന്നു രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടി. സൗദിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഷുഹൈബും യുപി സ്വദേശി ഗുൽ നവാസുമാണു പിടിയിലായത്. ഷുഹൈബിന് ബെംഗളൂരു സ്ഫോടന കേസിൽ പങ്കുണ്ടെന്ന് എൻഐഎ പറഞ്ഞു. ലഷ്കർ അംഗമായ ഗുൽ നവാസിന് ഡൽഹി സ്ഫോടന കേസിലും പങ്കുണ്ട്. റിയാദിൽനിന്നു ലുക്കൗട്ട് നോട്ടിസ് നൽകിയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. കഴിഞ്ഞദിവസം കൊച്ചിയിൽ മൂന്ന് അൽ ഖായിദ ഭീകരർ എൻഐഎ പിടിയിലായിരുന്നു. രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ നിന്ന് ആറും ഭീകരർ പിടിയിലായത്. പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. മുർഷിദ് ഹസൻ, യാക്കൂബ് ബിഷ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് കേരളത്തിൽ പിടിയിലായത്. വൻ നഗരങ്ങൾ ഉൾപ്പടെ സ്ഫോടനം നടത്തുന്നതിന് ലക്ഷ്യമിട്ട സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇവർ ഡൽഹിയിലേക്ക് പോകാനിരിക്കെയാണ് അന്വേഷണ സംഘം പിടികൂടിയത്.
Home › News › തിരുവനന്തപുരത്ത് 2 ഭീകരർ പിടിയിൽ; എൻഐഎ വലയിൽ കണ്ണൂർ സ്വദേശിയും
