ആരും അതിക്രമിച്ച് കയറിയില്ലെങ്കില്‍ പിന്നെ 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെങ്ങനെ ? - സിബല്‍
ദേശീയം

ആരും അതിക്രമിച്ച് കയറിയില്ലെങ്കില്‍ പിന്നെ 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെങ്ങനെ ? - സിബല്‍

📍 Mukkam, Kozhikode21 Jun 2020

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർവകക്ഷി യോഗത്തിലെ പ്രസ്താവന വിവാദത്തിലായതിനിടെ ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യങ്ങളുന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. എന്തുകൊണ്ടാണ് സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരും നമ്മുടെ രാജ്യത്ത് അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പറഞ്ഞത്? എന്തുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ നിന്ന് ആ ഭാഗം നീക്കം ചെയ്തത്.? നമ്മുടെ രാജ്യത്ത് ആരും അതിക്രമിച്ച് കയറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് 20 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടത്., 85 പേർക്ക് പരിക്കേറ്റത് 10 ജവാന്മാരും ഓഫീസർമാരും ചൈനക്കാരുടെ പിടിയിലായത്? കപിൽ സിബൽ ചോദിക്കുന്നു. തന്റെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും സിബൽ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും നടത്തിയ പ്രസ്താവനകളിൽ നിന്ന് വ്യത്യസ്തമാണ് ജൂൺ 19ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യൻ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പരാമർശത്തിനെതിരേ കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമിറക്കിയിരുന്നു. പ്രസ്താവന ചിലർ ദുർവ്യാഖ്യാനം ചെയ്യാൻ ശ്രമിക്കുകയാണെന്ന് വിശദീകരണക്കുറിപ്പിൽ കുറ്റപ്പെടുത്തി. ലഡാക്കിൽ നിയന്ത്രണരേഖയ്ക്കു തൊട്ടപ്പുറത്ത് ചൈന ചില നിർമാണങ്ങൾ നടത്തുകയും അതിൽനിന്ന് പിന്മാറാതിരിക്കുകയും ചെയ്തതുകൊണ്ടാണ് സംഘർഷം ഉണ്ടായതെന്ന് പി.എം.ഒ. വ്യക്തമാക്കി. യഥാർഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ഏതുശ്രമവും ശക്തമായി നേരിടും. അത്തരം ശ്രമങ്ങൾ മുൻകാലങ്ങളിൽ അവഗണിക്കപ്പെട്ടതിൽനിന്ന് വ്യത്യസ്തമായി ഇന്ത്യൻ സൈന്യം ഇപ്പോൾ ശക്തമായ തിരിച്ചടി നൽകാറുണ്ട്. ചൈനയുടെ സൈനികർ വളരെക്കൂടുതലുണ്ടായിരുന്നു. അതിനു സമാനമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. നിയന്ത്രണരേഖയ്ക്ക് തൊട്ടപ്പുറം നടത്തുന്ന നിർമാണത്തിൽനിന്ന് ചൈന പിന്മാറാത്തതുകൊണ്ടാണ് ജൂൺ 15-ന് സംഘർഷം നടന്നത് -പി.എം.ഒ. വിശദീകരിച്ചു. ചൈനയുടെ ആക്രമണത്തിനുമുന്നിൽ ഇന്ത്യൻപ്രദേശം പ്രധാനമന്ത്രി അടിയറവെച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ആദ്യം വിമർശനമുന്നയിച്ചത്. സ്ഥലം ചൈനയുടേതാണെങ്കിൽ, എന്തുകൊണ്ടാണ് നമ്മുടെ സൈനികർ കൊല്ലപ്പെട്ടതെന്നും എവിടെയാണവർ കൊല്ലപ്പെട്ടതെന്നും രാഹുൽ ചോദിച്ചു. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാവ് പി. ചിദംബരം എന്നിവരും സർക്കാരിനെതിരേ രംഗത്തെത്തിയിരുന്നു.

HomeNewsആരും അതിക്രമിച്ച് കയറിയില്ലെങ്കില്‍ പിന്നെ 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെങ്ങനെ ? - സിബല്‍