സംസ്ഥാനം

അനുമതി ലഭിച്ചില്ല; ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനം റദ്ദാക്കി

📍 Mukkam, Kozhikode10 May 2020

തിരുവനന്തപുരം: ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴ്ച പ്രവാസികളെ എത്തിക്കാൻ നിശ്ചയിച്ചിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനം റദ്ദാക്കി. വിമാനത്തിന് ഖത്തർ അനുമതി നൽകാതിരുന്നതിനെ തുടർന്നാണിത്. പ്രവാസികൾ വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് വിവരം അറിഞ്ഞത്. ഗർഭിണികൾ അടക്കമുള്ളവർ ഇതുമൂലം ബുദ്ധിമുട്ടിലായി. വിമാന സർവീസ് ചൊവ്വാഴ്ച ഉണ്ടാകുമെന്നാണ് വിവരം. ഖത്തർ ആഭ്യന്തര മന്ത്രാലയം വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല. വിമാന സർവീസ് അടുത്ത ചൊവ്വാഴ്ച നടത്താൻ കഴിയുമെന്നും കളക്ടർ പറഞ്ഞു. എന്നാൽ സമയത്തിന്റെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. മൊക്ക് ഡ്രിൽ അടക്കമുള്ളവ നടത്തി. വിമാനത്തിന് അനുമതി നിഷേധിക്കപ്പെട്ടതിന്റെ കാരണം ആരായാൻ എംബസിയുമായി ബന്ധപ്പെട്ടു വരികയാണെന്നും കളക്ടർ പറഞ്ഞു. 181 പേരാണ് പ്രത്യേക വിമാനത്തിൽ ഞായറാഴ്ച ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരാനിരിന്നത്. ഗർഭിണികളുും രോഗികളും ജയിൽ ശിക്ഷ പൂർത്തിയാക്കി വരുന്നവരും അടക്കമുള്ളവരാണ് വിമാനത്തിൽ വരാനിരുന്നത്. ഇവരെല്ലാം വിമാത്താവളത്തിൽ എത്തിയിരുന്നു. വിമാനം റദ്ദാക്കിയ വിവരമറിഞ്ഞ് യാത്രക്കാർ വിമാനത്താവളത്തിൽനിന്ന് മടങ്ങിയിട്ടുണ്ട്. പ്രവാസികളെ വിദേശ രാജ്യങ്ങളിൽനിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷൻ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഒരു വിമാനം റദ്ദാക്കേണ്ടി വരുന്നത്. ഖത്തറിൽനിന്ന് പ്രവാസികളെ എത്തിക്കേണ്ട വിമാനം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദോഹയിലേക്ക് പറക്കേണ്ടതായിരുന്നു. എന്നാൽ ഖത്തറിൽനിന്ന് അനുമതി ലഭിക്കാത്ത സാഹചര്യതത്തിൽ വിമാനത്തിന് അവിടേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം 3.30 ന് (ഇന്ത്യൻ സമയം വൈകീട്ട് ആറിന്) ദോഹയിൽനിന്ന് പ്രവാസികളുമായി വിമാനം യാത്ര പുറപ്പെടാനായിരുന്നു നിശ്ചയിച്ചിരുന്നത്. വിമാനം റദ്ദാക്കേണ്ടി വന്നതിൽ ഇന്ത്യൻ എംബസിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

HomeNewsഅനുമതി ലഭിച്ചില്ല; ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനം റദ്ദാക്കി