ദേശീയം

അഞ്ച് എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ്; കണ്ടെത്തിയത് വിമാനം പറത്തുന്നതിന് മുമ്പുള്ള പരിശോധനയില്‍

📍 Mukkam, Kozhikode10 May 2020

അഞ്ച് എയർ ഇന്ത്യാ പൈലറ്റുമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ പ്രീ-ഫ്ളൈറ്റ് കോവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം കണ്ടെത്താനായത്. ആർക്കും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൈലറ്റുമാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവർ ചൈനയിലേക്ക് അടുത്തിടെ ചരക്കു വിമാനങ്ങൾ പറത്തിയിരുന്നതായും എയർ ഇന്ത്യ അറിയിച്ചു. മെഡിക്കൽ ഉപകരണങ്ങളും മറ്റുമായിട്ടായിരുന്നു സർവീസ്. സർക്കാർ മാർഗനിർദേശ പ്രകാരം പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും യാത്രക്കും മുമ്പും ശേഷവും കർശന ആരോഗ്യ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്ര അവസാനിച്ചതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവായാൽ മാത്രമേ ഇവരെ താമസസ്ഥലങ്ങളിലേക്ക് വിടാറുള്ളൂ. ഫലം വരുന്നത് വരെ 24 മുതൽ 48 മണിക്കൂർ വരെ ഹോട്ടലുകളിലാണ് പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും താമസിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ വീണ്ടും കോവിഡ് പരിശോധന നടത്തും. ഇത് നെഗറ്റീവാകുകയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും രോഗമില്ലാതിരിക്കുകയും ചെയ്താൽ മാത്രമേ അടുത്ത ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കുകയുള്ളൂ

HomeNewsഅഞ്ച് എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ്; കണ്ടെത്തിയത് വിമാനം പറത്തുന്നതിന് മുമ്പുള്ള പരിശോധനയില്‍