മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയത് കുവൈത്തില്‍നിന്ന്
മലപ്പുറം: ജില്ലയിൽ തിരിച്ചെത്തിയ ഒരു പ്രവാസിക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തിൽ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ നിലമ്പൂർ കരുളായി പാലേങ്കര സ്വദേശിയായ 40 കാരനാണ് രോഗബാധ. പക്ഷാഘാതത്തിനും പ്രമേഹത്തിനും ചികിത്സയിലുള്ള ഇദ്ദേഹം ഇപ്പോൾ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം നാലായി. കുവൈത്തിലെ അൽ ജലീബിൽ പച്ചക്കറി വിൽപ്പന കേന്ദ്രത്തിൽ കാഷ്യറാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച കരുളായി പാലേങ്കര സ്വദേശി. കഴിഞ്ഞ മൂന്ന് വർഷമായി പ്രമേഹത്തിന് ചികിത്സയിലായിരുന്ന ഇയാൾക്ക് ഏപ്രിൽ 15ന് പക്ഷാഘാതമുണ്ടാവുകയും തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. മെയ് ഒമ്പതിന് രാത്രി കുവൈത്തിൽ നിന്ന് ഐ.എക്സ്- 396 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. പരിശോധനകൾ പൂർത്തിയാക്കി രാത്രി 12 മണിയ്ക്ക് 108 ആംബുലൻസിൽ യാത്ര തിരിച്ച് മെയ് 10 ന് പുലർച്ചെ നാലുമണിയ്ക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (മെയ് 11) കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡിനു പുറമെ പക്ഷാഘാതത്തിനും പ്രമേഹത്തിനുമുള്ള ചികിത്സയും ആരംഭിച്ചു. ഇയാൾക്കൊപ്പം കുവൈത്തിൽ നിന്ന് ഐ.എക്സ് - 396 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയവരെല്ലാം ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദേശപ്രകാരം കർശന നിരീക്ഷണത്തിലാണ്. എങ്കിലും പൊതു സമ്പർക്കമില്ലാതെ ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം. ഗർഭിണികൾ ഉൾപ്പെടെയുള്ളവർ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച, അബുദാബിയിൽ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലുണ്ട്. ദുബായിൽ നിന്നെത്തിയ കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അബുദാബിയിൽ നിന്നെത്തിയ എടപ്പാൾ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. ഇതോടെ മലപ്പുറം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികൾ കോഴിക്കോട്, കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിലായതിനാൽ ഇവർ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ല. രണ്ടുപേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇതുവരെ 21 പേർക്ക് രോഗം ഭേദമായി. ഇതിൽ കീഴാറ്റൂർ പൂന്താനം സ്വദേശി തുടർ ചികിത്സയിലിരിക്കെ മരിച്ചു. 20 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്
Home › News › മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയത് കുവൈത്തില്‍നിന്ന്
