സംസ്ഥാനം

കേരളത്തില്‍ എത്തിക്കുക വളരെ കുറച്ചു മലയാളികളെ; ആദ്യഘട്ടത്തില്‍ 2250 പേര്‍മാത്രം- മുഖ്യമന്ത്രി

📍 Mukkam, Kozhikode5 May 2020

തിരുവനന്തപുരം: കേരളത്തിൽ ആദ്യഘട്ടത്തിൽ എത്തിച്ചേരുക 2250 പേർ മാത്രം. കേരളം കണക്കാക്കിയ അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുൻഗണനാ പട്ടിക 1,68,136 പേരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളിൽനിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം കണക്കാക്കിയാൽ വളരെ കുറച്ചു മലയാളികളെ മാത്രമേ ആദ്യഘട്ടത്തിൽ കൊണ്ടുവരുന്നുള്ളൂ എന്നാണ് സൂചന. കിട്ടിയ വിവരമനുസരിച്ച് കേരളത്തിലെ കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ്. കേന്ദ്രസർക്കാർ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്. പക്ഷേ അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുൻഗണന നാം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തവർ 4,42,000 പേരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിൽ കരാർ പുതുക്കിക്കിട്ടാത്തവർ, ജയിൽമോചിതർ, ഗർഭിണികൾ, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളിൽനിന്ന് വേറിട്ടുനിൽക്കുന്ന കുട്ടികൾ, സന്ദർശക വിസയിൽ എത്തിയവർ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങൾ അടങ്ങുന്നതാണ് നമ്മൾ തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റ്. ഇത് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇത് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവരുന്ന പ്രവാസികളെ സംബന്ധിച്ച് സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ സമാഹരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറേണ്ടതുണ്ട്. എന്നാൽ വിവരങ്ങൾ കൈമാറാനുള്ള സംവിധാനം ഇതുവരെ എംബസികളും വിദേശ മന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

HomeNewsകേരളത്തില്‍ എത്തിക്കുക വളരെ കുറച്ചു മലയാളികളെ; ആദ്യഘട്ടത്തില്‍ 2250 പേര്‍മാത്രം- മുഖ്യമന്ത്രി