റബർ ശേഖരിക്കാൻ നടപടിയില്ല ; കർഷകർ ദുരിതത്തിൽ
മുക്കം: കൊറോണ ഭീതിയെ തുടർന്നുള്ള ലോക്ക് ഡൌൺ അനിശ്ചിതമായി നീളുന്നതോടെ മലയോരമേഖലയിലെ റബർ കർഷകരുടെ ജീവിതവും അനിശ്ചിതത്തിലാവുകയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ ശേഖരിച്ചുവെച്ച റബർ പാൽ വിപണനം നടത്താൻ കഴിയാതെ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണിവർ. മലയോരത്തു റബർ പാലും ഷീറ്റുകളും വാങ്ങിയിരുന്ന ഒട്ടുമിക്ക കടകളും ലോക്ക്ഡൗണിനെ തുടർന്ന് സംഭരണം നിർത്തിവച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്.കടകളിലൊക്കെ തന്നെ മുൻപ് ശേഖരിച്ചു വച്ച ഷീറ്റുകൾ കെട്ടിക്കിടക്കുന്നതാണ് ഇവരും സംഭരണം നിർത്താൻ കാരണം. ഇതോടെ കഴിഞ്ഞ നവംബർ മുതൽ കർഷകർ ശേഖരിച്ചുവച്ച റബർ പാൽ മലയോരത്തെ മിക്ക കർഷകരുടെയും പക്കൽ കെട്ടിക്കിടക്കുകയാണ്. നവംബർ മുതൽ തന്നെ പല കർഷകരും ടാപ്പിംഗ് നടത്തി പാൽ ശേഖരിച്ചെങ്കിലും വില കുത്തനെ കുറഞ്ഞതിനാൽ മാർച്ച് മാസത്തോടെയെങ്കിലും വില ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്റ്റോക്ക് ചെയ്യുകയായിരുന്നു.നിനച്ചിരിക്കാതെയാണ് രാജ്യവ്യാപകമായി ലോക്ക് ഡൗൺ ആയതു.വിപണിയിൽ സർക്കാർ ഇടപെട്ടു കർഷകരെ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.ഇതിനുപുറമെയാണ് മലയോരമേഖലയിലെ റബര്‍ തോട്ടങ്ങളിലെ കാട്ടുപന്നി ശല്യം.പുലർച്ചെ ടാപ്പിംഗിനിറങ്ങുന്ന പലരും കാട്ടുപന്നിയുടെ ആക്രമണ ഭീഷണി നേരിടുന്നുണ്ട്.അധികൃതരുടെ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ രക്ഷയുള്ളൂ എന്നാണു റബർ കർഷകർ പറയുന്നത്.
Home › News › റബർ ശേഖരിക്കാൻ നടപടിയില്ല ; കർഷകർ ദുരിതത്തിൽ
