
രാജ്യത്ത് 24 മണിക്കൂറിനിടെ 19,906 പേര്‍ക്ക് കോവിഡ്-19; ആശങ്കയായി രോഗവ്യാപനം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത് 19,906 പേർക്ക്. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. കൊറോണ വൈറസ് ബാധ മൂലം 410 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്. ഇതാദ്യമായാണ് 19,000ൽ അധികം കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 5,28,859 ആയി. ഇതിൽ 2,03,051 ഉം സജീവ കേസുകളാണ്. 3,09,713 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് മൂലം ഇതുവരെ മരിച്ചത് 16,095 പേരാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജൂൺ 27 വരെ രാജ്യത്ത് 82,27,802 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ. അറിയിച്ചു. 2,31,095 സാമ്പിളുകൾ ഞായറാഴ്ചയാണ് പരിശോധിച്ചത്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ശനിയാഴ്ച 5318 പേർക്കായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 1,59,133 ആയി. മുംബൈയിൽ മാത്രം 1,400 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 74,252 ആയി. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഡൽഹിയാണ് മഹാരാഷ്ട്രയ്ക്ക് പിന്നിൽ. 80,000ൽ അധികം പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,558 പേർക്കാണ് കൊറോണ വൈറസ് ബാധ മൂലം ഡൽഹിയിൽ ജീവൻ നഷ്ടമായത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകരാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യു.എസ്., ബ്രസീൽ, റഷ്യ എന്നിവയാണ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്കു മുന്നിലുള്ള രാജ്യങ്ങൾ.
Home › News › രാജ്യത്ത് 24 മണിക്കൂറിനിടെ 19,906 പേര്‍ക്ക് കോവിഡ്-19; ആശങ്കയായി രോഗവ്യാപനം
