പ്രാദേശികവാർത്തകൾ

അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡ്‌ പ്രവൃത്തി പൂർത്തിയാകുംമുമ്പ് ടാറിങ് പൊളിഞ്ഞു

📍 Mukkam, Kozhikode13 May 2020

അഗസ്ത്യൻമുഴി: കിലോമീറ്ററിന് ഒരു കോടി രൂപ നിരക്കിൽ നവീകരിക്കുന്ന അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡ്‌ പ്രവൃത്തി പൂർത്തിയാകുംമുമ്പ് പൊട്ടിപ്പൊളിഞ്ഞു. മാമ്പറ്റയ്ക്കും വെസ്റ്റ് മാമ്പറ്റയ്ക്കും ഇടയിലാണ് വ്യാപകമായി റോഡ് പൊളിഞ്ഞത്._ കേന്ദ്ര റോഡ് ഫണ്ടിൽ(സി.ആർ.എഫ്.)നിന്ന് അനുവദിച്ച 14 കോടി രൂപയ്ക്കാണ് 14 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കുന്നത്. ടാറിങ് നടത്തിയതിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികൾ എൻജിനിയർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊളിഞ്ഞഭാഗം എം സാൻഡ് അടക്കമുള്ളവ ഉപയോഗിച്ച് താത്കാലികമായി അടച്ചിട്ടുണ്ട്. എന്നാൽ, ഒരു മഴ പെയ്താൽ ഇത് പൊളിഞ്ഞുപോരുമെന്നും അതിനാൽ പൊട്ടിപ്പൊളിഞ്ഞ ഭാഗം മുഴുവൻ റീടാറിങ് നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നേരത്തേ, അഗസ്ത്യൻമുഴിയിൽനിന്ന് റോഡ് പ്രവൃത്തി ആരംഭിച്ചതുമുതൽ നവീകരണപ്രവൃത്തിക്കെതിരേ നിരവധി പരാതികൾ ഉയർന്നിരുന്നു. നിലവാരമില്ലാത്ത വസ്തുക്കളാണ് ടാറിങ്ങിനുപയോഗിച്ചതെന്ന് അന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഒപ്പം 14 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന റോഡിന് ആവശ്യത്തിന് ഓവുചാലുകൾ നിർമിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് റോഡിന് 14 കോടി രൂപ അനുവദിച്ചതിനെ തുടർന്ന് അഞ്ചരമീറ്റർ വീതിയിലുള്ള റോഡ് ഏഴ് മീറ്ററാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ, സംരക്ഷണഭിത്തികൾ, റോഡ് മാർക്കിങ് സ്റ്റഡ്, മുന്നറിയിപ്പ് ബോർഡ് എന്നിവ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

HomeNewsഅഗസ്ത്യൻമുഴി-കുന്ദമംഗലം റോഡ്‌ പ്രവൃത്തി പൂർത്തിയാകുംമുമ്പ് ടാറിങ് പൊളിഞ്ഞു