
നബാര്‍ഡ് ചെലവിട്ട പണം തിരിച്ചുപിടിക്കുന്നു; വിതരണം ചെയ്തത് 2500 കോടി
തിരുവനന്തപുരം:കോവിഡ് വ്യാപനവും അടച്ചിടലും തീർത്ത പ്രതിസന്ധിയിൽനിന്ന് കാർഷിക-ചെറുകിട സംരംഭ മേഖലകളെ സജീവമാക്കാൻ നബാർഡ് ചെലവിട്ട പണം തിരിച്ചുപിടിക്കുന്നു. കോവിഡിന്റെ രണ്ടാംവരവിൽ നിയന്ത്രണങ്ങൾ ശക്തമാകുന്നതിനിടെയാണ് കർഷകരെയും ചെറുകിട സംരംഭകരെയും പ്രതിസന്ധിയിലാക്കുന്ന നടപടി. സംസ്ഥാനത്ത് 2500 കോടിരൂപയാണ് കർഷകർക്കും ചെറുകിട സംരംഭങ്ങൾക്കുമായി നൽകിയത്. കോവിഡ് നാടിനെ ഉലയ്ക്കാതിരിക്കാൻ ഗ്രാമീണമേഖലയ്ക്കും കർഷകർക്കും സാമ്പത്തികസഹായം ഉറപ്പുവരുത്തണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നബാർഡ് ‘സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി’ എന്നപേരിൽ സംസ്ഥാനങ്ങൾക്ക് വായ്പയനുവദിച്ചത്. സഹകരണ-ഗ്രാമീണ ബാങ്കുകൾവഴിയാണ് ഇവ വിതരണംചെയ്തത്. കേരള ബാങ്കിന് 1500 കോടിയും ഗ്രാമീൺ ബാങ്കിന് 1000 കോടിയുമാണു നൽകിയത്. കേരളബാങ്ക് പ്രാഥമിക സഹകരണബാങ്കുകൾവഴിയാണ് ഈ വായ്പ നൽകിയത്. ചെറുകിട കച്ചവടക്കാർ, വ്യാപാരികൾ, കർഷകർ എന്നിവർക്ക് പ്രവർത്തന മൂലധനമായി രണ്ടുലക്ഷം രൂപവരെ നൽകി. 6.8 ശതമാനമാണ് പലിശ. ഈ വായ്പ പൂർണമായി മേയ് നാലിനകം പലിശസഹിതം തിരിച്ചുപിടിക്കാൻ കേരള ബാങ്ക് നിർദേശം നൽകി. വായ്പ പുതുക്കിനൽകാനോ കാലാവധി നീട്ടിനൽകാനോ പാടില്ലെന്നാണു നിർദേശം. വായ്പയെടുത്തവർ തിരിച്ചടച്ചില്ലെങ്കിലും പ്രാഥമിക സഹകരണബാങ്കുകൾ കേരള ബാങ്കിന് പണം തിരിച്ചടയ്ക്കണം. ഇത് പ്രാഥമിക ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നതിനാൽ അവരുടെ ഭാഗത്തുനിന്ന് എതിർപ്പുയരുന്നുണ്ട്. സമാന അവസ്ഥ ഗ്രാമീൺ ബാങ്കിനും നേരിടേണ്ടിവരും. വായ്പ തിരിച്ചടച്ചില്ലെങ്കിൽ അധികപലിശയുള്ള സ്വന്തം വായ്പകളാക്കിമാറ്റി നഷ്ടം നികത്താനാണ് പ്രാഥമിക സഹകരണബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് കർഷകരെയും സംരംഭകരെയും വലയ്ക്കും. നബാർഡ് വായ്പയുടെ തിരിച്ചടവ് കാലാവധി നീട്ടണമെന്നാണ് സഹകാരികളുടെ ആവശ്യം. 1500 കോടിരൂപയിൽ 85 ശതമാനവും കൃഷി അനുബന്ധമേഖലകൾക്കാണു നൽകിയത്. 15 ശതമാനം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും. ഭക്ഷ്യോത്പാദനം കൂട്ടാൻ സർക്കാർ പ്രഖ്യാപിച്ച ‘സുഭിക്ഷ കേരളം’ പദ്ധതിയിലുൾപ്പെട്ട കാർഷികപ്രവർത്തനങ്ങൾക്കും ഇതിൽനിന്നാണ് വായ്പയനുവദിച്ചത്. കോവിഡ് കാലത്ത് പ്രത്യേക സഹായധനമായാണ് നബാർഡ് കേരള ബാങ്കിന് 1500 കോടി അനുവദിച്ചത്. ഇത് മേയിൽത്തന്നെ നബാർഡിന് തിരിച്ചടയ്ക്കേണ്ടതുണ്ട്. അതിന് ഇളവില്ല. അതുകൊണ്ടാണ് വിതരണംചെയ്ത വായ്പ, കാലാവധി തീരുന്നതിനൊപ്പം തിരിച്ചുപിടിക്കാൻ നിർദേശം നൽകിയത്. എല്ലാസംസ്ഥാനങ്ങൾക്കുമുള്ള പാക്കേജായാണ് നബാർഡ് കോവിഡ് കാല സഹായധനം അനുവദിച്ചത്. കേരളത്തിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തിരിച്ചടവ് നീട്ടണമെന്ന ഒരാവശ്യവും കേരള ബാങ്കോ സർക്കാരോ മുന്നോട്ടുവെച്ചിട്ടില്ല. അതിനാൽ, ഇളവ് അനുവദിക്കുന്ന കാര്യം നബാർഡിന്റെ പരിഗണനയിൽ വന്നിട്ടില്ല.
Home › News › നബാര്‍ഡ് ചെലവിട്ട പണം തിരിച്ചുപിടിക്കുന്നു; വിതരണം ചെയ്തത് 2500 കോടി
