പോലീസുകാര്‍ക്ക് കൊറോണ: വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്റീനിലേക്ക്
സുൽത്താൻ ബത്തേരി: വയനാട് ജില്ലാ പോലീസ് മേധാവിയെ ക്വാറന്റീനിലേക്ക് മാറ്റി. മാനന്തവാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പോലീസ് മേധാവിയും നിരീക്ഷണത്തിലേക്ക് മാറേണ്ടിവന്നത്. കൊറോണ സ്ഥിരീകരിച്ച പോലീസുകാരിൽ ഒരാൾ പോലീസ് മേധാവിയുടെ കമാൻഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പോലീസ് മേധാവിയോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. മാനന്തവാടി പോലീസ് സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി നിലച്ച അവസ്ഥയിലാണ്. പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നൽകേണ്ടവർ ഇ മെയിൽ വഴിയൊ മറ്റു സ്റ്റേഷനിലൊ പരാതി നൽകാനാണ് നിർദ്ദേശം. ഉന്നത ഉദ്യോഗസ്ഥർ ക്വാറന്റീനിൽ പോയ സാഹചര്യത്തിൽ ഇവരുടെ ചുമതലകൾ മറ്റു ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. മാനന്തവാടിയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ അതത് ഡ്യൂട്ടി പോയിന്റുകളിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. അത്യാവശ ഘട്ടത്തിൽ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. ആരോഗ്യവകുപ്പുന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ സ്റ്റേഷൻ ഉടൻ അണുവിമുക്തമാക്കും. കോവിഡ് വിമുക്തമായിരുന്ന വയനാട് കോയമ്പേട് നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് വീണ്ടും ആശങ്കയിലേക്ക് എത്തുന്നത്. ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മകന്റെ സുഹൃത്തും കൊവിഡ് ബാധിതനായി. മകന്റെ സുഹൃത്തിനെ മറ്റൊരു കേസിൽ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസുകാർക്ക് രോഗബാധയുണ്ടായത്. ചോദ്യം ചെയ്ത സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് പോലീസുകാരിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇത് അതീവ ആശങ്കയുണർത്തുന്നത്.
Home › News › പോലീസുകാര്‍ക്ക് കൊറോണ: വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്റീനിലേക്ക്
