രാജ്യത്തെ കോവിഡ് കേസുകള്‍ 2.7 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 279 മരണം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9985 കോവിഡ് കേസുകളും 279 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് 9000 ത്തിൽ അധികം കേസുകൾ രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതർ 276583 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. 24 മണിക്കൂറിനിടയിൽ 279 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണങ്ങൾ 7745 ആയി ഉയർന്നു. 133632 സജ്ജീവ രോഗികളാണ് രാജ്യത്തുള്ളത്. 135206 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. 90,787 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ചത്. 42,638 പേർ ഇതിനകം രോഗമുക്തരായി. മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 2,259 പേർക്കു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 120 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3289 ആയി. മുംബൈയിൽ 51,100 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1760 രോഗികൾ മരിച്ചു. ഇതോടെ കോവിഡ് വ്യാപനത്തിൽ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മുംബൈ മറികടന്നു. നിലവിൽ വുഹാനെക്കാൾ 700 കോവിഡ് കേസുകൾ മുംബൈയിൽ അധികമാണ്. 3,869 മരണങ്ങളുൾപ്പെടെ 50,333 കോവിഡ് കേസുകളാണു വുഹാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 34914 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രാജ്യത്ത് രണ്ടാം സ്ഥാനത്ത്. 307 മരണങ്ങളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. 18325 പേർ ഇതുവരെ രോഗമുക്തരായി. ഡൽഹി 31309, ഗുജറാത്ത് 21014, ഉത്തർപ്രദേശ് 11335, രാജസ്ഥാൻ 11245 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ.
Home › News › രാജ്യത്തെ കോവിഡ് കേസുകള്‍ 2.7 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 279 മരണം
