സംസ്ഥാനം

കേരളവും കൊവിഡ് വാക്സിനുള്ള പരീക്ഷണത്തിലേക്ക്, പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി

📍 Mukkam, Kozhikode16 May 2020

തിരുവനന്തപുരം: കേരളം കൊവിഡ് പ്രതിരോധ വാക്സിനുള്ള പരീക്ഷണം ആരംഭിച്ചതായി ആരോഗ്യമന്ത്രി കെകെ ഷൈലജ. പ്രതിരോധ വാക്സിനുവേണ്ടിയുള്ള പരീക്ഷണം തുടങ്ങിയതായും എസിഎംആറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങളെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണ്. മരണം ഒഴിവാക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ സംസ്ഥാനത്ത് മൂന്നാം ഘട്ടത്തില്‍ പടരുന്നത് ജനിതക മാറ്റം വന്ന നോവല്‍ കൊറോണ വൈറസാണോ എന്ന് സംശയം ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. രാജ്യത്തെ റെഡ് സോണ്‍ കേന്ദ്രങ്ങളില്‍ നിന്നെത്തിയ രോഗികളില്‍ നിന്നും സമ്പര്‍ക്കം വഴിയുള്ള രോഗ്യവ്യാപനമാണ് ആശങ്ക കൂട്ടുന്നത്.ഇതുവരെയുള്ള രണ്ട് ഘട്ടങ്ങളിലും കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ കേരളം ഈ മൂന്നാം ഘട്ടത്തില്‍ നേരിടുന്നത് കടുത്ത പരീക്ഷണമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തിയവരിലും അവരുമായി സമ്പര്‍ക്കം പുലത്തിയവരിലുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി തീവ്രതോതിലുള്ള രോഗബാധയാണ് വൈറസിന്‍റെ ജനിതക മാറ്റ സാധ്യതയിലേക്ക് വിദഗ്ധ‍ര്‍ വിരല്‍ ചൂണ്ടുന്നത്. വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പകര്‍ന്നവരുടെ പട്ടിക ആരോഗ്യവിദഗ്ധരെ അമ്പരിപ്പിക്കുന്നു. ഇയാളില്‍ നിന്നും ഇതുവരെ രോഗമുണ്ടായത് 15 പേര്‍ക്കാണ്. മഹാരാഷ്ട്രയില്‍ നിന്നും കാസര്‍കോടെത്തിയ ആളില്‍ നിന്ന് രോഗം ബാധിച്ചത് നാലുപേര്‍ക്കാണ്. രണ്ടിടത്തും രോഗിയുമായി അല്പസമയം ഇടപെട്ടവര്‍ പോലും രോഗികളായി. വ്യക്തികളുടെ രോഗപ്രതിരോധശേഷി വ്യത്യസ്തമാണെന്ന വാദമുണ്ടെങ്കിലും രാജ്യത്തെ റെഡ് സോണില്‍ നിന്നും വരുന്ന രോഗികളിലെ വൈറസ് തീവ്രസ്വഭാവമുള്ളതാണെന്ന സൂചനകളാണ് വയനാട്ടിലെയും കാസര്‍കോട്ടെയും പുതിയ ക്ലസ്റ്ററുകള്‍ കാണിക്കുന്നത്.

HomeNewsകേരളവും കൊവിഡ് വാക്സിനുള്ള പരീക്ഷണത്തിലേക്ക്, പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി