ദേശീയം

കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാം......

📍 Maruthonkara, Kozhikode7 Sept 2021

കോവിഷീൽഡ് വാക്സിന്റെ രണ്ടാംഡോസ് 28 ദിവസത്തിനുശേഷം എടുക്കാൻ കഴിയുന്നവിധം കോവിഡ് പോർട്ടലിൽ മാറ്റംവരുത്താൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിക്കാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദേശം നൽകിയത്. ആദ്യഡോസ് കോവിഷീൽഡ് വാക്സിൻ എടുത്ത് 45 ദിവസം പിന്നിട്ടിട്ടും തൊഴിലാളികൾക്ക് രണ്ടാം ഡോസിന് അനുമതിനൽകാത്തതിനെതിരേയുള്ള കിറ്റെക്സ് കമ്പനിയുടെ ഹർജി അനുവദിച്ചാണിത്. 28 ദിവസത്തെ ഇടവേള എന്ന്‌ ആദ്യം നിശ്ചയിച്ച പ്രോട്ടോകോൾ പ്രകാരം രണ്ടാംഡോസ് എടുക്കാൻ കഴിയുന്നവിധം പോർട്ടലിൽ മാറ്റംവരുത്താനാണ് നിർദേശം. എന്നാൽ, സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ നേരത്തേ എടുക്കാൻ അനുവദിക്കണോ എന്നത് പരിഗണിച്ചിട്ടില്ല. 12,000-ത്തോളംവരുന്ന തൊഴിലാളികൾക്ക് രണ്ടാംഡോസ് നൽകുന്നതിനായി വാക്സിൻ വാങ്ങിവെച്ചിട്ടും അനുമതി നൽകാത്തതിനെയാണ് കിറ്റെക്സ് ചോദ്യംചെയ്തത്. ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോയവർക്കും പഠനം, തൊഴിൽ എന്നീ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നവർക്കും സർക്കാർ ഇളവുനൽകിയത് കോടതി കണക്കിലെടുത്തു. ഔദ്യോഗിക ആവശ്യത്തിനും ചികിത്സാവശ്യത്തിനും പോകുന്നവർക്കും ആനുകൂല്യംനൽകി. വിദേശത്ത് തൊഴിലിനായി പോകുന്നവർക്ക് കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനസർക്കാരും ഇളവ് അനുവദിച്ചു. നേരത്തേയുള്ള സുരക്ഷയാണോ മികച്ച സുരക്ഷയാണോ വേണ്ടതെന്നതാണ് വിഷയം. വിദേശത്തേക്ക് പോകുന്നവരുടെ കാര്യത്തിൽ ഇത്തരമൊരു തിരഞ്ഞെടുപ്പിന് അനുവദിക്കാമെങ്കിൽ ഇവിടെയുള്ളവർക്കും അനുവദിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. വിദേശത്തേക്ക് പോകുന്നവരിൽ കൂടുതലാളുകളും മടങ്ങിയെത്തുന്നവരാണ് -കോടതി പറഞ്ഞു. ഹർജിക്കാർ ഇളവിനായി കേന്ദ്രസർക്കാരിനെ സമീപിച്ചില്ലെന്ന വാദം കോടതി തള്ളി. പ്രായപൂർത്തിയായ ഒരാൾക്ക് തന്റെ ശരീരത്തിൽ എന്തുചെയ്യണമെന്നത് തീരുമാനിക്കാനുള്ള അവകാശം നിയമം അംഗീകരിച്ചതാണ്. ഇത് അടിസ്ഥാനമാക്കിയാണ് കോവിഡ് വാക്‌സിനും സ്വമേധയാ ഉള്ളതാക്കിയിരിക്കുന്നത്. വാക്‌സിൻ എടുക്കാൻ നിർബന്ധിക്കരുതെന്ന് വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതും അതിനാലാണ്. മികച്ച സുരക്ഷയുടെപേരിലുള്ള 84 ദിവസമെന്ന ഇടവേളയും ഉപദേശക സ്വഭാവത്തിലുള്ളതായേ കണക്കാക്കാനാകൂ. വാക്സിൻ സ്വീകരിക്കില്ലെന്ന് പറയാൻ ജനങ്ങൾക്ക് അവകാശമുള്ളപ്പോൾ നാലാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് വാക്സിൻ വേണമെന്നുള്ള ആവശ്യവും നിഷേധിക്കാനാകില്ല. പണംകൊടുത്ത് വാക്സിൻ വാങ്ങുമ്പോൾ പ്രത്യേകിച്ചും -കോടതി വ്യക്തമാക്കി. വാക്സിൻ ഇടവേള ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ചതാണെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തിലേ തീരുമാനമെടുക്കാനാകൂ എന്നതായിരുന്നു സംസ്ഥാനസർക്കാരിന്റെ പക്ഷം.

HomeNewsകോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാം......