
സിഎജി റിപ്പോർട്ട് വിവാദം: ധനമന്ത്രി തോമസ് ഐസക്ക് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ 29ന് ഹാജരാകണം വി ഡി സതീശനെ നിയമസഭാ സമിതി ഇന്ന് വിസ്തരിച്ചു.
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർന്നതുമായി ബന്ധപ്പെട്ട അവകാശ ലംഘന നോട്ടീസിൽ ധനമന്ത്രി ടി എം തോമസ് ഐസക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകണം. ഈ മാസം 29ന് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരണം നൽകണമെന്നാണ് നിർദേശം. നോട്ടീസ് നൽകിയ വി ഡി സതീശനെ നിയമസഭാ സമിതി ഇന്ന് വിസ്തരിച്ചു. മന്ത്രിക്കെതിരെ നടപടി എടുത്തില്ലെങ്കിൽ റിപ്പോർട്ട് സഭക്ക് മുന്നിൽ വയ്ക്കുന്നതിന് മുൻപ് പുറത്ത് വിടുന്നത് കീഴ്വഴക്കമാകുമെന്ന് സതീശൻ വ്യക്തമാക്കി. മന്ത്രി നിയമം ലംഘിച്ചുവെന്നും സതീശൻ സമിതിക്ക് മുന്നിൽ പറഞ്ഞു. ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തുന്നത് ഇതാദ്യമാണ്. ഒൻപത് അംഗ കമ്മിറ്റിയിൽ ആറു പേരും ഇടത് അംഗങ്ങളായതിനാൽ നടപടിക്ക് സാധ്യത കുറവാണ്. നടപടിക്ക് ശുപാർശ ചെയ്താലും നിയമസഭയിലെ അംഗബലം അനുസരിച്ച് സർക്കാറിന് അത് തള്ളിക്കളയാനുമാകും. റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചാണ് പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശൻ എംഎൽഎ ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് സ്പീക്കർ, പരാതി എത്തിക്‌സ് ആൻഡ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. നേരത്തെ ധനമന്ത്രി നേരിട്ടെത്തി സ്പീക്കർക്ക് വിശദീകരണം നല്‍കിയിരുന്നു. മന്ത്രിമാര്‍ക്കെതിരെയുള്ള അവകാശലംഘന നോട്ടീസില്‍ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത്.
Home › News › സിഎജി റിപ്പോർട്ട് വിവാദം: ധനമന്ത്രി തോമസ് ഐസക്ക് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ 29ന് ഹാജരാകണം വി ഡി സതീശനെ നിയമസഭാ സമിതി ഇന്ന് വിസ്തരിച്ചു.
