സംസ്ഥാനം

വാഹനങ്ങളില്‍ ആളുകളെ കുത്തിനിറയ്ക്കരുത്, തട്ടുകടകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കണം,തുണിക്കടകള്‍ക്കും അനുവാദം: മുഖ്യമന്ത്രി

📍 Mukkam, Kozhikode19 May 2020

വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ ശ്രദ്ധയില്‍പ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ പൊതുവെ ചലനാത്മകത ഉണ്ടായി. പക്ഷേ, കാര്യങ്ങള്‍ അയഞ്ഞുപോകുന്നതിലേക്ക് ഇത് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡരികിലെ തട്ടുകടകള്‍ റെസ്റ്റോറന്റ് മാതൃകയില്‍ ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത് അനുവദിക്കാന്‍ പറ്റുന്ന പ്രവണതയല്ല. പാഴ്‌സല്‍ ഭക്ഷണമേ സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമാണ് ട്യൂഷന്‍ തുടങ്ങാന്‍ അനുവാദമുണ്ടാവുക. നിര്‍ബന്ധമാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ട്യൂഷനാകാം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ്തല സമിതികളുടെയും ഇടപെടല്‍ പ്രധാനമാണ്. തുറന്ന മനസോടെയും അര്‍പ്പണബോധത്തോടെയും എല്ലാവരും പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹായം ഉണ്ടാകണം. ചെക്ക്‌പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റുകളും മാസ്‌കും മറ്റും ആവശ്യാനുസരണം ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്ന് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിടത്ത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുന്നുണ്ട്. അത് നിയന്ത്രിക്കും. തിക്കിത്തിരക്കി രോഗികളും സഹായികളും എത്തുന്നതും സാമൂഹിക അകലം പാലിക്കാത്തതും ആശുപത്രികളിലാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പില്‍നിന്നും ഉണ്ടാകും. എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കും. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഇതില്‍ ഉടനെ ഇടപെടണം. തുണിക്കടകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഒന്നിലധികം നിലകളുള്ള കടകള്‍ക്കും പ്രവര്‍ത്തിക്കാം. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് എത്തുന്നത് പൂര്‍ണമായും ഒഴിവാക്കണം. രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. തുണി മൊത്തവ്യാപാര കടകള്‍ക്ക് പ്രവര്‍ത്തന അനുവാദമുണ്ട്. പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ ആവശ്യമായ സജജീകരണങ്ങള്‍, ബസുകള്‍ ഉള്‍പ്പെടെ വേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഫോട്ടോകള്‍ എടുക്കാന്‍ സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തന അനുവാദം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

HomeNewsവാഹനങ്ങളില്‍ ആളുകളെ കുത്തിനിറയ്ക്കരുത്, തട്ടുകടകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കണം,തുണിക്കടകള്‍ക്കും അനുവാദം: മുഖ്യമന്ത്രി