കൊറോണ ബാധിതനില്‍നിന്ന് വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റ്
ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് കോവിഡ്-19 ബാധിതനായ ഒരാളിൽനിന്ന് കൊറോണ വൈറസ് പകരാനെടുക്കുന്നത് വെറും പത്ത് മിനിറ്റ്! യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ഡാർട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിൻ ബ്രോമേജ് നടത്തിയ പഠനമാണ് രോഗബാധിതനായ വ്യക്തിയിൽനിന്ന് കൊറോണ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കാനെടുക്കുന്ന സമയം പത്ത് മിനിറ്റാണെന്ന നിഗമനത്തിന് പിന്നിൽ. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളിൽനിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളിൽ വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ മനുഷ്യശീലങ്ങളും രോഗിയിൽനിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കും. ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയിൽനിന്ന് 50 മുതൽ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. സാധാരണ ശ്വാസവായുവിൽ ഇത്രയധികം സ്രവകണങ്ങൾ അടങ്ങിയിരിക്കുന്നതായി പൊതുവെ നമുക്ക് ധാരണയില്ല. കണ്ണട ധരിക്കുന്നവർ മാസ്ക് ധരിക്കുമ്പോൾ കുറച്ച് സമയത്തിന് ശേഷം കണ്ണടയ്ക്ക് മുകളിൽ ബാഷ്പം തങ്ങിനിന്ന് കാഴ്ച മറയുന്നതിന് പിന്നിൽ ശ്വാസത്തിലടങ്ങിയിലിക്കുന്ന സ്രവകണങ്ങളാണ്. ഇതിൽനിന്ന് ശ്വാസത്തിലൂടെ ശരീരത്തിൽനിന്ന് പുറത്തെത്തുന്ന കണങ്ങളെത്രയാണെന്ന് ഊഹിക്കാവുന്നതാണ്. സാധാരണ കാലാവസ്ഥയിൽ ഗുരുത്വാകർഷണഫലമായി ഈ കണങ്ങൾ താഴേക്ക് പതിക്കും. ചിലത് കുറച്ച് സമയത്തേക്ക് വായുവിൽ തങ്ങി നിൽക്കാനിടയാകും. ഓരോ ശ്വാസത്തിലും പുറത്തെത്തുന്ന കൊറോണ വൈറസിന്റെ അളവ് കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും ജലദോഷത്തിനിടയാക്കുന്ന വൈറസിന്റെ അളവ് മിനിറ്റിൽ 20-33 വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗിയിൽനിന്ന് മിനിറ്റിൽ 20 കണങ്ങൾ പുറത്തെത്തുന്നുണ്ടെങ്കിൽ 50 മിനിറ്റിൽ ആയിരത്തോളം വൈറസ് കണങ്ങൾ വായുവിലേക്കെത്തിച്ചേരുമെന്ന് എറിൻ ബ്രോമേജ് പറയുന്നു. സംസാരിക്കുമ്പോൾ ശ്വസിക്കുന്നതിനേക്കാൾ പത്തു മടങ്ങ് വൈറസ് കണങ്ങൾ വായുവിലെത്തും. അങ്ങനെയാണെങ്കിൽ ഒരോ മിനിറ്റിലും ഇരുന്നൂറോളം വൈറസ് കണങ്ങളാണ് വായുവിലെത്തിച്ചേരുന്നത്. അഞ്ച് നിമിഷത്തിനുള്ളിൽ 1,000 വൈറസ് കണങ്ങൾ വായുവിലേക്കെത്തും. ആരോഗ്യവാനായ ഒരാൾ രോഗബാധിതനായ ഒരാളുമായി അഞ്ച് നിമിഷം സംസാരിക്കുന്നത് വൈറസ് ബാധയ്ക്കിടയാക്കുന്നതിന് പര്യാപ്തമാണെന്ന് എറിൻ പറയുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് വൈറസാണ് അന്തരീക്ഷത്തിലേക്കെത്തുന്നത്. വായുവിലേക്ക് വൈറസെത്തുന്ന വേഗത 80-320 കി.മീ./മണിക്കൂറാണ്. ഇത്തരം സന്ദർഭത്തിൽ ആരോഗ്യവാനായ ഒരാൾ രോഗി ചെലവഴിച്ച മുറിയിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നത് പോലും വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിന് ഇടയാക്കും. SARS-CoV2 വൈറസുകൾ 14 മിനിറ്റോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരിൽ ഭൂരിഭാഗം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരോ പ്രകടിപ്പിക്കാൻ വൈകുന്നവരോ ആയിരിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. സംഭാഷണത്തിലേർപ്പെട്ടിരിക്കുന്നയാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അതിൽ അപകടമുണ്ടെന്ന് തിരിച്ചറിയുക പലപ്പോഴും അസാധ്യമാണ്. അതു കൊണ്ടു തന്നെ വൈറസ് വാഹകരെ പലപ്പോഴും മനസിലാക്കാൻ സാധിക്കാത്തതിനാൽ രോഗവ്യാപനം വർധിക്കുന്നു. വീട്ടിലിരിക്കാതെ സാമൂഹിക സമ്പർക്കത്തിലേർപ്പെടുന്നതും, സാമൂഹികഅകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതും കൊറോണ വൈറസിനെ സ്വമേധയാ സ്വാഗതം ചെയ്യുന്നതായി തീരും.
Home › News › കൊറോണ ബാധിതനില്‍നിന്ന് വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റ്
