കരനെൽക്കൃഷി പ്രോത്സാഹനപദ്ധതിയുമായി മുക്കം നഗരസഭ
മുക്കം: നെൽക്കൃഷി വ്യാപനത്തിന് നൂതന മാർഗങ്ങൾ രൂപപ്പെടുത്തി പ്രാവർത്തികമാക്കാൻ ഒരുങ്ങി മുക്കം നഗരസഭ. വർധിച്ച കൃഷിച്ചെലവും കൃഷിനാശവുംമൂലം കുറഞ്ഞുവരുന്ന നെൽക്കൃഷിയെ പുതിയ സങ്കേതങ്ങളിലൂടെ തിരിച്ചുകൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ നഗരസഭയിലെ 30 ഏക്കർ സ്ഥലത്ത് കരനെൽക്കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഉമ, ജ്യോതി ഇനങ്ങളാണ് പ്രധാനമായി വിതയ്ക്കുക. രക്തശാലി ഉൾപ്പെടെയുള്ള ഔഷധഗുണമുള്ള നെല്ലിനങ്ങൾ അഞ്ചേക്കറിൽ കൃഷിചെയ്യുന്നുണ്ട്. ഇതിനു കിലോയ്ക്ക് 300 രൂപയിലധികം വില ലഭിക്കും. കാലവർഷത്തിന് മുന്നോടിയായി കരനെൽക്കൃഷിയുടെ നിലമൊരുക്കും. കൃഷി ഓഫീസർ പ്രിയാമോഹന്റെ നേതൃത്വത്തിലുള്ള ടീം സാങ്കേതികമേൽനോട്ടം വഹിക്കും. കൃഷിക്കാരുടെ കൂട്ടായ്മയായ കരനെൽക്കൃഷിസംഘം ഈ മേഖലയിലേക്ക് കടന്നുവരുന്നവർക്ക് എല്ലാ പ്രോത്സാഹനവും നൽകി രംഗത്തുണ്ടാകും. വെസ്റ്റ് മണാശ്ശേരിയിൽ നടന്ന വിത്തിടൽച്ചടങ്ങ് നഗരസഭാ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനംചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, കൗൺസിലർ വി. ഗിരിജ, മോഹനൻ, വിനോദ് മണാശ്ശേരി എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ പ്രിയാ മോഹൻ, നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ സംസാരിച്ചു.
Home › News › കരനെൽക്കൃഷി പ്രോത്സാഹനപദ്ധതിയുമായി മുക്കം നഗരസഭ
