സംസ്ഥാനം

കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍‌ തിങ്കളാഴ്ച ആരംഭിക്കും

📍 Mukkam, Kozhikode23 May 2020

കൊച്ചി :കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍‌ തിങ്കളാഴ്ച ആരംഭിക്കും. പ്രതിവാരം 113 സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് നടത്തുക. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകമായ സജ്ജീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയതോടെ സുരക്ഷിതമായ യാത്രക്കാവശ്യമുള്ള സജ്ജീകരണങ്ങള്‍ കൊച്ചിവിമാനത്താവളത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. മുപ്പത് ശതമാനം സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചിയിൽ നിന്ന് പ്രതിവാരം 113 സർവീസുകൾ ഉണ്ടാകും. സമ്പൂർണമായി യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, തിരിച്ചറിയൽ പ്രക്രിയകളാവും നടക്കുക. മെയ് 25 മുതൽ ജൂൺ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ, ഡെൽഹി, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂർ, പൂണെ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസുകള്‍ നടത്തുക. വെബ് ചെക്ക് ഇൻ, ആരോഗ്യ സേതു മൊബൈൽ ആപ്, സ്വയം വിവരം നൽകൽ എന്നിവ സംബന്ധിച്ചുള്ള കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുവേണം യാത്രക്കാർ വിമാനത്താവളത്തിൽ എത്തേണ്ടത്.

HomeNewsകൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍‌ തിങ്കളാഴ്ച ആരംഭിക്കും