ജില്ലാ വാർത്തകൾ

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നുവരുന്ന പരാതി പരിഹാര അദാലത്ത് ഓൺലൈനായി നടത്തും

📍 Mukkam, Kozhikode24 May 2020

ആദ്യ താലൂക്ക് തല അദാലത്ത് മെയ് 26 ന് താമരശ്ശേരി താലൂക്കിൽ പങ്കെടുക്കാന്‍ മെയ്‌ 25 നകം അക്ഷയ കേന്ദ്രം വഴി രജിസ്ട്രേഷന്‍ നടത്തണം ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക് തലത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നുവരുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത് കോവിഡ് 19 സാഹചര്യത്തിൽ ഓൺലൈനായി നടത്തും. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ജില്ലകൾ തോറും നടത്താറുള്ള പൊതുജന പരാതി പരിഹാര അദാലത്തുക്കൾ ഓൺലൈനിൽ സംഘടിപ്പിക്കാവുന്നതിന്റെ സാധ്യത പരിശോധിക്കണം എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.കോഴിക്കോട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ആദ്യ ഓൺലൈൻ പരാതി പരിഹാര അദാലത്ത് താമരശ്ശേരി താലൂക്ക് തലത്തിൽ മെയ് 26 ന് രാവിലെ 9.30 മുതൽ നടക്കും. ഓൺലൈൻ അദാലത്തിൽ പങ്കെടുക്കുന്നതിനായി പൊതുജനങ്ങൾ തൊട്ടടുത്ത അക്ഷയ സെന്ററുമായി ഫോൺ മുഖാന്തരം ബന്ധപെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. മെയ് 25ന് ഉച്ചയ്ക്ക് 12 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. അക്ഷയ സെന്റർ ജീവനക്കാർ രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ പരാതിയും മൊബൈൽ നമ്പറും രേഖപെടുത്തുകയും വേണം. അപേക്ഷകന് ജില്ലാ കളക്ടറുമായി വീഡിയോ കോൺഫറൻസ് വഴി പരാതി അറിയിക്കാൻ നിശ്ചയിച്ചിട്ടുള്ള സമയം മെയ്‌ 25 ന് വൈകിട്ട് തന്നെ അക്ഷയ സെന്റർ ജീവനക്കാർ അപേക്ഷകൻ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ വഴി അറിയിക്കേണ്ടതാണ്. സമയക്രമം പാലിച്ചു മാത്രമേ അപേക്ഷകൻ തൊട്ടടുത്തുള്ള അക്ഷയ സെന്ററിൽ അദാലത്ത് ദിവസം ഹാജരാകാവൂ. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും രജിസ്റ്റർ ചെയ്തിട്ടുള്ള പൊതു ജനങ്ങളുടെ പരാതികൾ കളക്ടർ സ്വീകരിക്കുക. ജില്ലയിലെ എൽ എസ് ജി ഐ ഉദ്യോഗസ്ഥർ അടക്കം എല്ലാ വകുപ്പുകളിലേയും ജില്ലാതല ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും. ജില്ലാ കളക്ടറോട് വീഡിയോ കോൺഫറൻസ് വഴി ബോധിപ്പിച്ച പരാതി ഇ-അപ്ലിക്കേഷൻ വഴി സമർപ്പിക്കാൻ ഉള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിൽ ഉണ്ടാകും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവിധ സർക്കാർ നിർദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഓൺലൈൻ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുക. പൊതുജനങ്ങളും ഇതിനോട് പൂർണമായും സഹകരിക്കണം. അനുവദിച്ചിട്ടുള്ള സമയത്ത് രജിസ്റ്റർ ചെയ്തവർ മാത്രമേ അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ പാടുള്ളൂ.

HomeNewsജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നുവരുന്ന പരാതി പരിഹാര അദാലത്ത് ഓൺലൈനായി നടത്തും