മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന് കോവിഡ്
മുംബൈ: മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പരിശോധന ഫലം ലഭിച്ചതോടെ അശോക് ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നിലവിൽ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. അതേസമയം എവിടെ നിന്നാണ് മന്ത്രിക്ക് രോഗം പിടിപെട്ടതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മന്ത്രിയുമായി അടുത്ത് ഇടപഴകിയ കുടുംബാഗംങ്ങൾ, പേഴ്സണൽ സ്റ്റാഫ്, അംഗരക്ഷകർ ഉൾപ്പെടെയുള്ളവരെ ഉടൻ ക്വാറന്റീനിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാൻ. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 3041 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 50000 കടന്നു. ആകെ മരണം 1635 ആയി ഉയർന്നു.
Home › News › മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന് കോവിഡ്
