
പിന്മാറാതെ ചൈന; നേരിടാനുറച്ച് ഇന്ത്യ; അതിർത്തിയിൽ ചൈനയുടെ 40,000 സൈനികർ
ന്യൂഡൽഹി ∙ സംഘർഷം അയവില്ലാതെ തുടരുന്ന അതിർത്തിയിൽ ദീർഘനാൾ സൈന്യത്തെ നിലനിർത്താനുള്ള നടപടികൾക്കു തുടക്കമിട്ട് കരസേന. കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിലടക്കം അതിക്രമിച്ചു കയറിയ ചൈനീസ് സേന പൂർണ പിന്മാറ്റത്തിനു തയാറാകാത്ത സാഹചര്യത്തിലാണ്, ശൈത്യകാലത്തും ശക്തമായ സന്നാഹം നിലനിർത്താനുള്ള തീരുമാനം. സേനാ പിന്മാറ്റം സംബന്ധിച്ച ധാരണകൾ പാലിക്കാൻ ചൈന തയാറായിട്ടില്ലെന്നും അതിർത്തിയോടു ചേർന്ന് അവരുടെ 40,000 ഭടന്മാർ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സേനാ വൃത്തങ്ങൾ പറഞ്ഞു. ടാങ്ക്, മിസൈൽ എന്നിവയടക്കമുള്ള സന്നാഹങ്ങളും ചൈന സജ്ജമാക്കിയിട്ടുണ്ട്. സമാനമായ പടയൊരുക്കമാണ് ഇന്ത്യയും നടത്തിയിരിക്കുന്നത്. കരസേനയുടെ 3 ഡിവിഷനുകളാണ് (ഏകദേശം 40,000 സൈനികർ) നിലവിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിലുള്ളത്. അവർക്കുള്ള ഭക്ഷണം, ശൈത്യകാല വസ്ത്രങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനു നടപടികൾ ആരംഭിച്ചു. പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഡെപ്സാങ് എന്നിവിടങ്ങളിലാണു ചൈനയുടെ വ്യാപക കടന്നുകയറ്റമുള്ളത്. പിന്മാറ്റം സംബന്ധിച്ച് നയതന്ത്ര, സേനാ തലങ്ങളിൽ നടത്തിയ ചർച്ചകളിൽ കാര്യമായ ഫലമുണ്ടായിട്ടില്ല. ഉന്നത സേനാ കമാൻഡർമാർ അടുത്തയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും. ഇതേസമയം, സ്ഥിതിഗതികൾ ചർച്ച ചെയ്യാനുള്ള വ്യോമസേനാ കമാൻഡർമാരുടെ ദ്വിദിന സമ്മേളനം സമാപിച്ചു. സേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സുരക്ഷ വിലയിരുത്തി. ദോക‍്‍ലായും കടന്ന് സംഘർഷം സമീപകാലത്ത് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ അതിർത്തിത്തർക്കം എന്ന നിലയിലേക്കാണു നിലവിലെ സംഘർഷം വളരുന്നത്. 2017 ൽ സിക്കിം അതിർത്തിയോടു ചേർന്നുള്ള ദോക് ലായിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തേക്കാൾ ദൈർഘ്യമേറിയതാണ് ഇപ്പോഴത്തേത്. ദോക‍്‍ ലായിൽ 72 ദിവസമാണു സംഘർഷം നീണ്ടത്. മേയ് 5ന് ആരംഭിച്ച നിലവിലെ സംഘർഷത്തിന്റെ എൺപതാം ദിവസമാണിന്ന്. റഫാലിൽ ഹാമർ മിസൈലുകളും ഫ്രാൻസിൽ നിന്ന് വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളിൽ ഹാമർ മിസൈലുകളും സജ്ജമാക്കാൻ ഇന്ത്യ. ആകാശത്തു നിന്ന് കരയിലെ ലക്ഷ്യങ്ങൾ തകർക്കാൻ കെൽപുള്ള മിസൈലുകൾ ഫ്രാൻസിൽ നിന്ന് വാങ്ങുന്നതു വ്യോമസേനയുടെ പരിഗണനയിലാണ്. മിസൈലിന്റെ ദൂരപരിധി 70 കിലോമീറ്റർ. വിമാനത്തിലുള്ള മീറ്റിയോർ, സ്കാൽപ് മിസൈലുകൾക്കു പുറമേയാണിത്
Home › News › പിന്മാറാതെ ചൈന; നേരിടാനുറച്ച് ഇന്ത്യ; അതിർത്തിയിൽ ചൈനയുടെ 40,000 സൈനികർ
