ചരക്കുലോറികളില്‍ ‘മനുഷ്യക്കടത്ത് ’തുടരുന്നു; വന്‍തുക വാങ്ങി ചൂഷണം
കോഴിക്കോട്: കോവിഡ്- 19 നിർദേശങ്ങള്‍ ലംഘിച്ച് അയല്‍ സംസ്ഥാനങ്ങളിലേക്ക് ‘മനുഷ്യക്കടത്ത്’. പരിശോധനയോ സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കാതെ നിയമം ലംഘിച്ചാണ് അതിഥി തൊഴിലാളികളെ കടത്തുന്നത്. ഇപ്രകാരം കോഴിക്കോട്ടു നിന്ന് കഴിഞ്ഞദിവസം ആറു അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ലോറി തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ലോറിയിലുള്ള തൊഴിലാളികളെ ഉടന്‍ കോഴിക്കോടെത്തിക്കണമെന്നും അല്ലാത്തപക്ഷം ലോറിയുള്‍പ്പെടെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് താക്കീത് നല്കി. തുടര്‍ന്ന് ലോറിഡ്രൈവര്‍ രാത്രിയില്‍ തൊഴിലാളികളുമായി വീണ്ടും കോഴിക്കോട്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ ടൗണ്‍പോലീസ് ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് ചരക്കുമായി എത്തുന്ന ലോറികളുടെ മടക്കയാത്രയില്‍ വന്‍തുക വാങ്ങിയാണ് അതിഥി തൊഴിലാളികളെ രഹസ്യമായി ഒളിപ്പിച്ച് കടത്തുന്നത്. ഇത്തരത്തില്‍ നിരവധി പേരെ നാട്ടിലെത്തിച്ചതായാണ് പോലീസ് നല്കുന്ന വിവരം. അതിഥിതൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ട്രെയിനുകളിലും മറ്റും മടങ്ങാന്‍ കഴിയാത്തവരാണ് ഇതരസംസ്ഥാന ലോറികള്‍ തേടിപ്പിടിച്ച് കയറി പോകുന്നത്. ചരക്കുലോറി ഡ്രൈവര്‍മാര്‍ നേരിട്ട് അതിഥി തൊഴിലാളുകളുമായി ബന്ധപ്പെടുകയും പണംവാങ്ങി മടങ്ങുന്ന ദിവസവും എത്തേണ്ട സ്ഥലവും നിർദേശിക്കുകയാണ് രീതി. തുടര്‍ന്ന് രാത്രിയില്‍ വഴിയരികില്‍ നിന്നും തൊഴിലാളികളെ കൂടെ കൂട്ടുകയും ചെയ്യും. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഹരിയാനയില്‍ നിന്ന് ഉരുളക്കിഴങ്ങുമായി എത്തിയ വാഹനത്തില്‍ അതിഥി തൊഴിലാളികളെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം പോലീസ് തടഞ്ഞിരുന്നു. ഒരാള്‍ക്ക് 3500 നിരക്കില്‍ രണ്ടുപേരെ ഉത്തര്‍പ്രദേശില്‍ എത്തിക്കാമെന്ന് ഹരിയാന സ്വദേശിയായ ഡ്രൈവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. രാത്രി ബീച്ച് ഭാഗത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നമ്പര്‍ നോക്കി കയറാനും അതിഥി തൊഴിലാളികളോട് നിർദേശിച്ചു.എന്നാല്‍ വൈകീട്ട് അസാധാരണമായി നഗരത്തില്‍ നിര്‍ത്തിയിട്ടതിന് ലോറി ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇത്തരത്തിലുള്ള യാത്ര കോവിഡ് രോഗബാധയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ചരക്ക് ലോറിയില്‍ കര്‍ശന പരിശോധനകളില്ലാത്തതിനാല്‍ പലരും ഇതുവഴി അതിര്‍ത്തി കടക്കുന്നതായാണ് വിവരം.
Home › News › ചരക്കുലോറികളില്‍ ‘മനുഷ്യക്കടത്ത് ’തുടരുന്നു; വന്‍തുക വാങ്ങി ചൂഷണം
