ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നു; അമിതമായി ആളെ കയറ്റിയാല്‍ ലൈസന്‍സും രജിസ്‌ട്രേഷനും റദ്ദാക്കും
തിരുവനന്തപുരം: ലോക്ക് ഡൗൺ തുടരുമ്പോഴും ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സമില്ലാതിരിക്കാൻ നൽകിയ ഇളവുകൾ പലരും ദുരുപയോഗം ചെയ്യുന്നതായി മുഖ്യന്ത്രി പിണറായി വിജയൻ. ജാഗ്രത കൈവിട്ടാൽ തിരിച്ചടിയാവുമെന്ന് നിരവധി തവണ പറഞ്ഞിട്ടും വിവാഹം, മരണം എന്നിവിടങ്ങളിലെല്ലാം ആളുകൾ കൂടുന്ന പരാതികൾ പല ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നു. മരണാനന്തര ചടങ്ങിൽ 20 പേർക്കാണ് അനുമതി. എന്നാൽ ഇതിൽ സ്വയം ദുർവ്യാഖ്യാനം നടത്തി ആളുകൾ കൂടുന്നു. വിവാഹ ചടങ്ങിൽ അമ്പത് പേർക്കാണ് അനുമതി. എന്നാൽ വിവാഹത്തിന് മുമ്പും ശേഷവും ആളുകളെത്തുന്നു. ഇതൊന്നും അനുവദിക്കാവുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ ബസ്സുകളിലും ബസ് സ്റ്റാൻഡുകളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നു. ഓട്ടോകളിലും മറ്റ് വാഹനങ്ങളിലും ചിലയിടത്ത് കൂടുതൽ ആളുകൾ കയറുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇത്തരം പരാതി ലഭിക്കുന്നുണ്ട്. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്നവർക്കെതിരെ നടപടിയുണ്ടാവും. ഉടമയുടെ രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും.തിരക്ക് ഒഴിവാക്കാൻ പോലീസ് കാർക്കശ്യത്തോടെ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർഗ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണം. ഇക്കാര്യം ഓരോരുത്തരും ഉറപ്പ് വരുത്തണം. കടകളിലും ചന്തകളിലും വലിയ ആൾക്കൂട്ടം കാണുന്നുണ്ട്. ഈ രീതി തുടരാൻ പറ്റില്ല. നമ്മുടെ ജാഗ്രതയിൽ ഇളവ് വന്ന് കൂട. ഇക്കാര്യത്തിൽ എം.എൽ.എമാരുടേയും എം.പിമാരുടേയും ഇന്നലെ നടന്ന യോഗത്തിൽ സഹകരണം ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ജനപ്രതിനിധികളുടെ കടമയായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് കർശനമാക്കണം. ഇവർക്ക് വൈറസ് ബാധയുണ്ടായാൽ അത് ഗുരുതരമായ അവസ്ഥയുണ്ടാവും. പി.പി.ഇ കിറ്റുകൾ ധരിക്കാതെ രോഗികളുമായി ഇടപെടുന്ന അവസ്ഥയുണ്ടാകരുത്. പോലീസിന്റ കാര്യത്തിലും ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Home › News › ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നു; അമിതമായി ആളെ കയറ്റിയാല്‍ ലൈസന്‍സും രജിസ്‌ട്രേഷനും റദ്ദാക്കും
