പ്രാദേശികവാർത്തകൾ

മുക്കം സഹകരണ ബാങ്ക് അഞ്ച് കോൺഗ്രസ് അംഗങ്ങൾ ഭരണസമിതിയോഗം ബഹിഷ്കരിച്ചു

📍 Mukkam, Kozhikode26 May 2020

മുക്കം: യു.ഡി.എഫ്. ഭരിക്കുന്ന മുക്കം സഹകരണ ബാങ്കിന്റെ ഭരണസമിതി യോഗം ഐ ഗ്രൂപ്പ് അംഗങ്ങൾ ബഹിഷ്കരിച്ചു. തങ്ങളുടെ അഭിപ്രായങ്ങൾക്ക് ഭരണസമിതി വില കൽപ്പിക്കുന്നില്ലെന്നാരോപിച്ചാണ് അഞ്ച് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. ലോക്ഡൗൺ സമയത്ത് പിൻവലിച്ച കോടതി വ്യവഹാര ചെലവുകൾ സംബന്ധിച്ചും സ്റ്റേ നിലനിൽക്കെ നിയമന നടപടികൾ സ്വീകരിക്കുന്നതിലും സൂപ്പർ മാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത് സംബന്ധിച്ചും ഭരണസമിതി യോഗം ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് ഡയറക്ടർമാർ കത്ത് നൽകിയിരുന്നു. എന്നാൽ, ഈ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്. സമീറ കബീർ, ഷിന സുധാകരൻ, റുബീന ബഷീർ, എൻ.പി. ഷംസുദീൻ, വിശ്വൻ എടക്കണ്ടിയിൽ എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. 2018 നവംബറിൽ നടന്ന ബാങ്ക് തിരഞ്ഞെടുപ്പ് കേസ് ഉൾപ്പെടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ കോടതി ചെലവ് കാണിച്ച് പിൻവലിച്ച തുക ലക്ഷങ്ങളാണെന്ന് നേതാക്കൾ പറയുന്നു. 18 മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് കേസ് നമ്പറുകൾ കാണിച്ച് ബാങ്കിന് വേണ്ടി ഒരു കേസിലും ഹാജരാകാത്ത വക്കീലിന്റെ പേരിലും അമ്പതിനായിരം രൂപ പിൻവലിച്ചിട്ടുണ്ടെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു. സസ്പെൻഷനിലിരിക്കുന്ന സെക്രട്ടറിയുടെ എൻക്വയറി സിറ്റിങ്, യാത്ര വിലക്ക് നിലനിൽക്കുന്ന ലോക്ഡൗൺ സമയത്ത് നടത്തിയത് നിയമ ലംഘനമാണെന്നും കോടഞ്ചേരിയിൽ നിന്ന് മുക്കത്ത് വന്ന് പോയ വക്കീലിന് മുപ്പതിനായിരം രൂപ ഫീസ് അനുവദിച്ചിട്ടുണ്ടെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് എട്ടും ലീഗിന് അഞ്ചും അംഗങ്ങളാണ് ഉള്ളത്.

HomeNewsമുക്കം സഹകരണ ബാങ്ക് അഞ്ച് കോൺഗ്രസ് അംഗങ്ങൾ ഭരണസമിതിയോഗം ബഹിഷ്കരിച്ചു