വിവാഹം, മരണാനന്തര ചടങ്ങ്; കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി
വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ ആൾക്കാർ പങ്കെടുത്താൽ നിയമലംഘകർക്കെതിരെ പകർച്ചവ്യാധി ഓർഡിനനൻസ് പ്രകാരം നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയ്ക്കെതിരെയും നടപടി സ്വീകരിക്കും. ലോക്ക്ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു. വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത് 50 പേർക്കാണ്. എന്നാൽ വിവാഹത്തിന് മുമ്പും ശേഷവും ധാരാളം പേർ കല്യാണവീട് സന്ദർശിക്കുന്നു. മരണ വീടുകളിലും ഇതുപോലെ ധാരാളം പേർ സന്ദർശനം നടത്തുന്നു. ഇതു ലോക്ക്ഡൗണിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ചൂണ്ടിക്കാട്ടി. നഗരങ്ങളിലെ തിരക്കേറിയ മാർക്കറ്റുകളിൽ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ സഞ്ചരിക്കുന്നത് വൈറസ് പടരാൻ കാരണമാകും. ഇത്തരം സ്ഥലങ്ങളിൽ പോലീസ് പിക്കറ്റുകൾ സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. വാഹനങ്ങളിൽ അനുവദനീയമായ എണ്ണം യാത്രക്കാർ മാത്രമേ സഞ്ചരിക്കാവൂ. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നൽകി. അറസ്റ്റിലാകുന്നവരെ കോടതിക്ക് മുന്നിൽ ഹാജരാക്കാൻ വീഡിയോ പ്ലാറ്റ്ഫോം സജ്ജീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. കോടതി ആവശ്യപ്പെടാതെ ഒരു കാരണവശാലും അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കാൻ പാടില്ല. പോലീസ് ഉദ്യോഗസ്ഥർ പിപിഇ കിറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പു വരുത്തണം. വ്യാജമദ്യം കടത്തുന്നത് തടയാൻ എക്സൈസുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.
Home › News › വിവാഹം, മരണാനന്തര ചടങ്ങ്; കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി
