രാജ്യത്ത് വെട്ടുകിളി ആക്രമണം; മഹാരാഷ്ട്രയിലേക്കും വ്യാപിക്കുന്നു, പഞ്ചാബില്‍ ജാഗ്രതാ നിര്‍ദ്ദേശം
കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിക്കു പിന്നാലെ കനത്ത വിളനാശത്തിന് കാരണമായ വെട്ടുകിളി ആക്രമണം രാജ്യത്തിന് പേടി സ്വപ്‌നമായി മാറുന്നു. പ്രധാനമായും രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് വെട്ടുകിളിയുടെ ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത്. രാജസ്ഥാനിലെ 21 ജില്ലകളിലും, മധ്യപ്രദേശിൽ 18 ജില്ലകളിലും, ഗുജറാത്തിലെ രണ്ടുജില്ലകളിലും പഞ്ചാബിലെ ഒരു ജില്ലയിലും വെട്ടുകിളി നിയന്ത്രണത്തിനായി ഇതിനകം നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചു. നാലുസംസ്ഥാനങ്ങളിലായി 47,308 ഹെക്ടർ പ്രദേശങ്ങളിൽ ഇതിനകം വെട്ടുകിളി ശല്യം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കാർഷിക വിളകൾ നശിപ്പിച്ച ശേഷം ഇവ ഉത്തർപ്രദേശിലെ ഝാൻസിയിലേക്കാണ് പ്രവേശിച്ചത്. കഴിഞ്ഞ 26 വർഷത്തിനിടയിൽ ആദ്യമായാണ് വെട്ടുകിളിശല്യം ഇത്ര രൂക്ഷമാകുന്നത്. നാല് സംസ്ഥാനങ്ങളിലെ 20 ജില്ലകളില്‍ 47000 ഹെക്ടര്‍ പ്രദേശത്ത് മരുന്ന് തളിക്കല്‍ നടത്തിക്കഴിഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയം 11 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. വെട്ടുകിളികളെ നശിപ്പിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാന്‍ തീരുമാനം. കീടനാശിനി തളിക്കുന്നതിനുവേണ്ടി ഡ്രോണുകള്‍ അടക്കമുള്ളവ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും തുടങ്ങിക്കഴിഞ്ഞു. പച്ചക്കറി കൃഷിക്കും പയര്‍ വര്‍ഗങ്ങള്‍ക്കുമാണ് വെട്ടുകിളി ആക്രമണം നിലവില്‍ ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ മറ്റുവിളകളെ ബാധിക്കാത്ത തരത്തില്‍ കാലവര്‍ഷത്തിന് മുമ്പ് വെട്ടുകിളി ഭീഷണി ഒഴിവാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മധ്യപ്രദേശില്‍നിന്ന് യുപിയിലെ ഝാന്‍സി ജില്ലയില്‍ ബുധനാഴ്ച വെട്ടുകിളികള്‍ എത്തിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വെട്ടുകിളികള്‍ എത്തിയിട്ടുള്ളത്. വെട്ടുകിളി ആക്രമണം മുന്നില്‍ക്കണ്ട് പഞ്ചാബ് അതീവ ജാഗ്രത പാലിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്താനില്‍നിന്ന് വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. രാജസ്ഥാനിലെ 18ഉം മധ്യപ്രദേശിലെ 12ഉം ജില്ലകളിലെ വിളകളെ അവ നശിപ്പിച്ചു. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള വെട്ടുകിളി ആക്രമണമാണ് മധ്യപ്രദേശിലുണ്ടായത്. വെട്ടുകിളി കൂട്ടം ഇത്തവണ പതിവിലും നേര്‍ത്തെയാണ് എത്തിയത്. പരുത്തി വിളകള്‍ക്കും, പഴം, പച്ചക്കറി കൃഷിക്കുമാണ് കനത്ത നാശമുണ്ടായിരിക്കുന്നത്. *കൂട്ടമായി വരും, തിന്നുമുടിക്കും* വെട്ടുകിളിയുടെ കൂട്ടം ഒരു ദിവസം 130 മുതൽ 150 കിലോമീറ്റർവരെ സഞ്ചരിക്കും. ദശലക്ഷക്കണക്കിനു വെട്ടുകിളികളാണ് ഒരു കൂട്ടത്തിലുണ്ടാവുക. ഒരു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഒരു കൂട്ടത്തിൽ 40 മുതൽ 80 വരെ ദശലക്ഷം വെട്ടുകിളികൾ ഉണ്ടാവും. 35,000 ആളുകൾക്കുവേണ്ട ഭക്ഷണം ഒരു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വെട്ടുകിളിക്കൂട്ടം ഒരുദിവസം തിന്നുതീർക്കും. മൂന്നുമുതൽ അഞ്ചുമാസംവരെയാണ് ഇവയുടെ ആയുസ്സ് എന്നതിനാൽ അതു കാർഷികമേഖലയ്ക്ക് കനത്ത ആഘാതം ഉണ്ടാക്കും. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, എത്യോപിയ, സൊമാലിയ എന്നിവിടങ്ങളിൽ വെട്ടുകിളികൾ നാശം വിതച്ചതിനാൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. സൗദി അറേബ്യ, ഇറാൻ, പാകിസ്താൻ എന്നിവിടങ്ങളിലും ഇവയുടെ ഭീഷണിയുണ്ട്. കാലാവസ്ഥാ വ്യതിയാനം ഭാവിയിൽ കൂടുതൽ വെട്ടുകിളി ആക്രമണത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഉയർന്ന താപനില, മഴക്കുറവ് എന്നിവകാരണം ഇടയ്ക്കിടെ ഇവയുടെ കൂട്ടം എത്തിയേക്കാം. മനുഷ്യരെ ആക്രമിക്കുകയോ രോഗം പരത്തുകയോ ചെയ്യുന്നില്ല. പക്ഷേ, കാർഷികമേഖലയെ തകർത്തുകൊണ്ട് ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കുകയും ഭക്ഷ്യക്ഷാമം വരുത്തുകയും പരിസ്ഥിതിക്ക് ദോഷം വരുത്തുകയും ചെയ്യുമെന്ന് ലോക ഭക്ഷ്യ-കാർഷിക സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആഫ്രിക്കയിൽനിന്നു തുടങ്ങി ബലൂചിസ്താനിലും ഇറാനിലും പാകിസ്താനിലും മുട്ടയിട്ടുപെരുകി രാജസ്ഥാൻ മരുഭൂമിയിലൂടെയാണ് വെട്ടുകിളികൾ ഇന്ത്യയിലെത്തിയത് എന്നാണ് വിലയിരുത്തൽ.
Home › News › രാജ്യത്ത് വെട്ടുകിളി ആക്രമണം; മഹാരാഷ്ട്രയിലേക്കും വ്യാപിക്കുന്നു, പഞ്ചാബില്‍ ജാഗ്രതാ നിര്‍ദ്ദേശം
