ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാം
രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങൾ,ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ജൂൺ എട്ടുമുതൽ തുറന്നു പ്രവർ ത്തിക്കാൻ അനുമതി. എന്നാൽ കണ്ടയ്ൻമെന്റ് സോണുകളിൽ ഇവ തുറക്കാൻ അനുമതിയില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ആരോഗ്യ-ക്ഷേമ മന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ ഉറപ്പാക്കിക്കൊണ്ടായിരിക്കും ഇവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. 'സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും മന്ത്രാലയങ്ങൾ, വകുപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി കൂടിയാലോചിച്ച് മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ പുറപ്പെടുവിക്കും' ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാർക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികൾക്കും ഈ ഘട്ടത്തിൽ അനുവാദം നൽകും. നൈറ്റ് കർഫ്യൂ കർശനമായി തുടരും. എന്നാൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ എന്നുള്ളത് രാത്രി 9 മുതൽ രാവിലെ 5 വരെയാകും. കണ്ടെയിൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ക് ഡൗൺ തുടരും. കണ്ടെയിൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളിൽ നിന്നോ ഉള്ള യാത്രകൾക്ക് നിരോധനം തുടരും. എന്നാൽ അവശ്യസർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല.
Home › News › ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറക്കാം
